കണ്ണൂര്‍: പയ്യന്നൂര്‍ കുന്നരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുകയും ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതേക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതാണ് ഇത്തരം അപകടങ്ങള്‍ക്ക് പ്രധാന കാരണം.
വീതികുറഞ്ഞ റോഡുകളില്‍ വാഹനങ്ങളുടെ ക്രമാതീതമായ പെരുപ്പം കൂടിയായപ്പോള്‍ ചെറുപട്ടണങ്ങളില്‍ പോലും വലിയ ഗതാഗതകുരുക്കും അപകടങ്ങളും പതിവായിരിക്കുന്നു. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നതോടൊപ്പം റോഡുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യവികസന ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. അപകടത്തില്‍ മരണപ്പെട്ടവരുടെ സംസ്‌കാരച്ചടങ്ങുകളില്‍ മന്ത്രി പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി അദ്ദേഹം റീത്ത് സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം വാഗ അതിര്‍ത്തിയില്‍ അപകടത്തില്‍ മരിച്ച ശ്രീനന്ദനയുടെ കരിവെളളൂര്‍ പെരളത്തെ വീടും മന്ത്രി സന്ദര്‍ശിച്ചു.















