മുംബൈ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലാന്‍ഡ് പേസര്‍ ടിം സൗത്തി കളിക്കില്ല. ഇടതുകണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് സൗത്തിയെ കിവീസ് ഒഴിവാക്കിയത്. നാട്ടിലേയ്‌ക്ക് മടങ്ങുന്ന സൗത്തി ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്ക് മുന്‍പ് പരിക്ക് ഭേദമായി തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ഏഴ് മുതല്‍ 10 ദിവസം വരെ വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് കിവീസ് കോച്ച് മൈക്ക് ഹെസണ്‍ പറഞ്ഞു.
52 ടെസ്റ്റുകളുടെ അനുഭവസമ്പത്തുള്ള സൗത്തിയുടെ അഭാവം പരമ്പരയില്‍ കിവീസിന് കനത്ത തിരിച്ചടിയാകും. സൗത്തിക്ക് പകരമായി മാറ്റ് ഹെന്റിയെ ടീമിലുള്‍പ്പെടുത്തി. 2015 മെയില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച 24കാരന്‍ ഹെന്റി നാല് ടെസ്റ്റുകളിലാണ് കളിച്ചിട്ടുള്ളത്.
മൂന്ന് ടെസ്റ്റുകളുടെ പരമ്പര 22-നാണ് തുടങ്ങുന്നത്. കാണ്‍പൂരാണ് ആദ്യ ടെസ്റ്റിന് വേദി. രണ്ടാം ടെസ്റ്റ് 30ന് കൊല്‍ക്കത്തയിലും മൂന്നാം ടെസ്റ്റ് ഒക്ടോബര്‍ എട്ടിന് ഇന്‍ഡോറിലും ആരംഭിക്കും.
















