ന്യൂദല്‍ഹി: ന്യൂസിലാന്‍ഡിനെതിരായ ത്രിദിന മത്സരത്തില്‍ മുംബൈക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. ന്യൂസിലാന്‍ഡ് സ്‌കോറായ 7ന് 324 റണ്‍സിനെതിരെ മുംബൈ രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സെടുത്തു. 62 പന്തില്‍ 86 റണ്‍സുമായി സിദ്ധേഷ് ലാദും 53 റണ്‍സുമായി ആദിത്യ താരെയും ക്രീസില്‍. അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ 107 റണ്‍സിന്റെ ലീഡ്.
ഒന്നിന് 29 റണ്‍സ് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച മുംബൈ കൗസ്തുഭ് പവാറിന്റെയും (100) സൂര്യകുമാര്‍ യാദവിന്റെയും (103) തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് മികച്ച സ്‌കോറിലേക്ക് നീങ്ങിയത്. നാലാം വിക്കറ്റില്‍ പവാറും യാദവും ചേര്‍ന്ന് 155 റണ്‍സ് അടിച്ചുകൂട്ടി. 288 പന്തില്‍ നിന്നാണ് കൗസ്തുഭ് സെഞ്ചുറി തികച്ചത്.
എന്നാല്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സൂര്യകുമാര്‍ 86 പന്തില്‍ നിന്ന് 9 ഫോറും എട്ട് സിക്‌സറുകളുമടക്കമാണ് 103 റണ്‍സെടുത്തത്. 69 റണ്‍സെടുത്ത അര്‍മാന്‍ ജാഫറും മികച്ച പ്രകടനം നടത്തി. അപരാജിതമായ ആറാം വിക്കറ്റില്‍ ലാദും താരെയും ചേര്‍ന്ന് ഇതുവരെ 137 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ന്യൂസിലാന്‍ഡിനായി ഇഷ് സോധി രണ്ട് വിക്കറ്റ് വീഴ്‌ത്തി.
















