ലണ്ടന്‍: ഈ സീസണില്‍ ചെല്‍സിയുടെ അപരാജിത കുതിപ്പിന് വിട. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളാണ് ചെല്‍സിയെ കീഴടക്കിയത്. ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന വാശിയേറിയപോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ വിജയം കണ്ടത്. ലിവര്‍പൂളിനായി ഡേജാന്‍ ലോവ്‌റനും ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണും ഗോള്‍ നേടിയപ്പോള്‍ ചെല്‍സിയുടെ ആശ്വാസഗോള്‍ ഡീഗോ കോസ്റ്റയുടെ വക. കഴിഞ്ഞയാഴ്ച ലെസ്റ്ററിനെ തകര്‍ത്ത ലിവര്‍പൂളിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
ചെല്‍സി പരിശീലകന്‍ സ്ഥാനത്ത് അന്റോനിയോ കോണ്‍ടെയുടെ ആദ്യ തോല്‍വിയാണിത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില്‍നിന്നു ചെല്‍സിയിക്ക് തിരിച്ചെത്തിയ ബ്രസീലിയന്‍ താരം ഡേവിഡ് ലൂയിസിന്റെ നീല ജേഴ്‌സിയിലുള്ള അരങ്ങേറ്റവും തോല്‍വിയോടെയായി.
പന്തടക്കത്തില നേരിയ മുന്‍തൂക്കം ചെല്‍സിക്ക്. എന്നാല്‍ ഷോട്ടുകള്‍ പായിക്കുന്നതില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം. ചെല്‍സി 12 ഷോട്ടുകള്‍ പായിച്ചപ്പോള്‍ ലിവര്‍പൂള്‍ ഒരെണ്ണം കൂടുതല്‍ തൊടുത്തു.
കളിയുടെ ആദ്യമിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ ലീഡ് നേടേണ്ടതായിരുന്നു. ബോക്‌സിനുള്ളില്‍ നിന്ന് ജോര്‍ജിനോയുടെ ഷോട്ട് ചെല്‍സി ഗോളി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ബോക്‌സിന് പുറത്തുനിന്ന് ഡാനിയേല്‍ സ്റ്ററിഡ്ജിന്റെ തകര്‍പ്പന്‍ഷോട്ടും ചെല്‍സി ഗോളിയുടെ മുന്നില്‍ വിഫലമായി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 17-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ് നേടി. ഫിലിപ്പെ കൊടിഞ്ഞോവിന്റെ ക്രോസില്‍ ക്രൊയേഷന്‍ ഡിഫന്‍ഡര്‍ ഡേജാന്‍ ലോവ്‌റന്റെ മനോഹരമായ ഫിനിഷ് (1-0). ഗോള്‍വീണതോടെയാണ് ചെല്‍സി ഉണര്‍ന്നത്. പിന്നീട് സമനിലക്കായി നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലിവര്‍പൂള്‍ പ്രതിരോധം ഭേദിക്കാനായില്ല. 34-ാം മിനിറ്റില്‍ വില്ല്യന്റെ ക്രോസിന് ഡേവിഡ് ലൂയിസ് തലവെച്ചെങ്കിലും ലിവര്‍പൂള്‍ ഗോളി കയ്യിലൊതുക്കി. രണ്ട് മിനിറ്റിനുശേഷം ലിവര്‍പൂള്‍ ലീഡ് ഉയര്‍ത്തി.
ബോക്‌സിന് പുറത്തുനിന്ന് ഹെന്‍ഡേഴ്‌സണ്‍ പറത്തിയ ലോങ് റേഞ്ചര്‍ മുഴുനീളെ പറന്ന ചെല്‍സി ഗോളി തിബോട്ട് കുര്‍ട്ടോയിന്റെ തലയ്‌ക്ക് മുകളിലുടെ വലയിലേക്ക് വളഞ്ഞിറങ്ങി. 44-ാം മിനിറ്റില്‍ ഗോള്‍ മടക്കാന്‍ ചെല്‍സിക്ക് അവസരം ലഭിച്ചെങ്കിലും ബ്രാനിസ്ലാവ് ഇവാനോവിച്ചിന്റെ ഹെഡ്ഡര്‍ ലിവര്‍പൂള്‍ ഗോളി രക്ഷപ്പെടുത്തി. ഇതോടെ 2-0ന്റെ ലീഡുമായി ലിവര്‍പൂള്‍ ഇടവേളയ്‌ക്കു കയറി.
രണ്ടാം പകുതിയില്‍ ചെല്‍സി കുറേക്കൂടി ഉണര്‍ന്നു. തുടര്‍ച്ചയായി എതിര്‍ ബോക്‌സില്‍ പന്തെത്തിച്ചുകൊണ്ടിരുന്ന അവര്‍ 61-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി.
നെമന്‍ജ മാറ്റിക്കിന്റെ പാസില്‍ നിന്ന് ഡിഗോ കോസ്റ്റയാണ് ഗോള്‍ നേടിയത്. നാല് മിനിറ്റിനുശേഷം കോസ്റ്റയുടെ മറ്റൊരു ഷോട്ട് ലിവര്‍പൂള്‍ ഗോളി രക്ഷപ്പെടുത്തി. തുടര്‍ന്നും ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും ലിവര്‍പൂള്‍ താരങ്ങള്‍ പ്രതിരോധം ശക്തിപ്പെടുത്തിയതോടെ അവയെല്ലാം പാതിവഴിയില്‍ അവസാനിച്ചു. ഇതോടെ സീസണിലെ ആദ്യ തോല്‍വി ചെല്‍സി ഏറ്റുവാങ്ങുകയും ചെയ്തു.
പരാജയപ്പെട്ടെങ്കിലും അഞ്ച് കളികളില്‍ നിന്ന് 10 പോയിന്റുമായി ചെല്‍സി മൂന്നാമത്. ലിവര്‍പൂളിനും ഇതേ പോയിന്റുണ്ടെങ്കിലും നാലാമത്.
















