പാരീസ്: അള്‍ത്താരയില്‍ ഐഎസ് ഭീകരര്‍ കഴുത്തറുത്തു കൊന്ന ഫ്രഞ്ച് പുരോഹിതന്‍ ഫാ. ജാക്യുസ് ഹാമിലിനെ വിശുദ്ധനാക്കിയേക്കും. ക്രിസ്തുവിനു വേണ്ടി രക്തസാക്ഷിയായ ഹാമിലിനെ പുകഴ്‌ത്തി മാര്‍പ്പാപ്പ സംസാരിച്ചതാണ് അഭ്യൂഹങ്ങള്‍ക്കു കാരണം. മാത്രമല്ല, വിശ്വാസവഴിയില്‍ ഇങ്ങനെയൊരു തീരുമാനം വരുന്നത് ഭീകരവാദത്തെ ചെറുക്കാന്‍ പ്രേരകമാകുമെന്നും കരുതുന്നു.
ഫ്രാന്‍സിലെ നോര്‍മന്‍ഡിയില്‍ റൗയനിലെ സെന്റ്എറ്റിനെ-ഡു-റൗവ്‌റെ പള്ളി അള്‍ത്താരയിലാണ് ഹാമിലിനെ ഇസ്ലാമിക ഭീകരര്‍ കഴുത്തറുത്തത്. വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന സൂചനകള്‍ പ്രചരിച്ചതോടെ ഹാമിലച്ചന്റെ കല്ലറകാണാന്‍ വിശ്വാസികളുടെ തിരക്കേറി.
ഫ്രഞ്ച് നഗരമായ റൗയനില്‍ വിശ്വാസികളോട് സംസാരിക്കവെയാണ് പോപ്പ് അഭിപ്രായപ്രകടനം നടത്തിയത്. അബ്ദുള്‍ മാലിക്ക്, അദല്‍ കെര്‍മിച്ച് എന്നിവരാണ് ഹാമിലിനെ അള്‍ത്താരയില്‍ കൊലപ്പെടുത്തിയത്. ഇവര്‍ അള്ളാഹു അക്ബര്‍ മുഴക്കി, കന്യാസ്ത്രീകളെ മറയാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വെടിയേറ്റ് കൊല്ലപ്പെട്ടു.
ഈ സംഭവത്തിനു ശേഷമാണ് ഫ്രാന്‍സ് ഇസ്ലാമിക തീവ്രവാദത്തിനെതിരെയുള്ള കടുത്ത നടപടികളെടുത്തത്. ദൈവത്തിന്റെ പേരില്‍ ജനങ്ങളെ കൊല്ലുന്നത് പൈശാചികമാണെന്ന് മാര്‍പ്പാപ്പ പ്രസ്താവിച്ചു. ഫാ. ഹാമില്‍ നമുക്കായി ജീവന്‍ സമര്‍പ്പിച്ച് രക്തസാക്ഷിയായെന്നും വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.
















