കോഴഞ്ചേരി: തിരുവാറന്മുളയപ്പന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് രാവിലെ 6ന് ആറന്മുള ക്ഷേത്രക്കടവിലെത്തും. കടവിലെത്തുന്ന തോണിയെ പമ്പാനദിയുടെ ഇരുകരകളിലേയും കരക്കാരും ഭക്തജനങ്ങളും നിലവിളക്കും ദീപക്കാഴ്ചകളുമായി വരവേല്‍ക്കും. കാട്ടൂര്‍ കാട്ടൂര്‍ കരക്കാര് ശേഖരിച്ച ഓണവിഭവങ്ങളും , മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും നല്കുന്ന ഭദ്രദീപവും ഏറ്റുവാങ്ങി ദീപാലങ്കാരങ്ങളോടെ തയ്യാറാക്കിയ തിരുവോണത്തോണിയില്‍ കുമാരനല്ലൂര്‍ മങ്ങാട്ട് ഭട്ടതിരിപ്പാട് കാട്ടൂരില്‍ നിന്നും ആറന്മുളയിലെത്തിച്ചേരും. കാട്ടൂരില്‍ നിന്നും പുറപ്പെടുന്ന തിരുവോണത്തോണി അയിരുമഠത്തില് വിശ്രമിച്ച ശേഷം വെച്ചൂര്‍ മനയിലെത്തുമ്പോള്‍ കരക്കാരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. കൈപ്പുഴക്കയത്തിലെത്തുമ്പോള് തോണിയില്‍ നിന്നും മൂന്ന് പിടി അരി കയത്തില്‍ നിക്ഷേപിക്കും. ഐതീഹ്യവും വിശ്വാസവുമായ ഈ ചടങ്ങ് ഇന്നും മുടക്കം കൂടാതെ നടത്തിവരുന്നുണ്ട്. അരുണോദയത്തില്‍ ക്ഷേത്രക്കടവിലെത്തുന്ന തിരുവോണത്തോണിയെ ദേവസ്വം അധികാരികള്‍, ക്ഷേത്രോപദേശകസമിതി പള്ളിയോട സേവാസംഘം ഭാരവാഹികള്‍ ചേര്‍ന്ന് ആറന്മുള ക്ഷേത്രക്കടവില്‍ സ്വീകരിക്കും. ഭട്ടതിരി ക്ഷേത്രത്തില്‍ പ്രവേശിച്ച് കാട്ടൂരില്‍ നിന്നും ഏറ്റവാങ്ങിയ ഭദ്രദീപം മേല്‍ശാന്തി നാരായണന്‍നമ്പൂതിരിക്ക് കൈമാറും.മേല്‍ശാന്തി ദീപം കെടാവിളക്കിലേക്ക് പകര്‍ന്നശേഷം ക്ഷേത്രത്തിലെ പൂജാചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രത്തില്‍ തയ്യാറാക്കുന്ന തിരുവോണ സദ്യകഴിച്ച് പൂജകളും തൊഴുത് ദേവസ്വം ബോര്‍ഡ് നല്കുന്ന പണക്കിഴി സ്വീകരിച്ച് ആ കിഴി ആറന്മുളയപ്പന് സമര്‍പ്പിച്ച് അടുത്തവര്‍ഷവും തിരുവോണനാള്‍ മുടക്കംകൂടാതെ വന്നെത്തുവാന്‍ അനുഗ്രഹിക്കണം എന്ന പ്രാര്‍ത്ഥനയോടെ ഭട്ടതിരി കുമാരനല്ലൂരിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: