കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഡിജിറ്റല്‍ സിഗ്‌നലുകള്‍ പ്രവര്‍ത്തനം തുടങ്ങി. കാല്‍ടെക്‌സ് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായുള്ള ഡിജിറ്റല്‍ സിഗ്‌നല്‍ സിസ്റ്റത്തിന്റെ ഉദ്ഘാടനം മന്ത്രി ഇ.പി.ജയരാജന്‍ നിര്‍വ്വഹിച്ചു. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് വേണ്ടി കണ്ണൂര്‍ കോര്‍പ്പറേഷനാണ് ഡിജിറ്റല്‍ സിഗ്‌നലുകള്‍ സ്ഥാപിച്ചത്. ഹൈക്കൗണ്ട് പൈപ്പിന്റെ സഹകരണത്തോടെയാണ് 8 ലക്ഷം രൂപ ചെലവഴിച്ചുള്ള ഡിജിറ്റല്‍ സംവിധാനം തുടങ്ങിയത്. ഓണതിരക്കിലലിഞ്ഞ കാല്‍ടെക്‌സില്‍ ഡിജിറ്റല്‍ സിഗ്‌നല്‍ വന്നതോടെ വാഹനങ്ങളെ പെട്ടെന്നുതന്നെ കടത്തിവിടാന്‍ സാധിച്ചു. താണ, മേലെചൊവ്വ, മുനീശ്വരന്‍ കോവില്‍, സ്‌റ്റേറ്റ് ബാങ്ക് പരിസരം എന്നിവിടങ്ങളിലും ഉടന്‍ തന്നെ ഡിജിറ്റല്‍ സിഗ്‌നല്‍ സംവിധാനം ആരംഭിക്കും. ഇതൊടൊപ്പം പി.കെ.ശ്രീമതിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 6 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഹൈമാസ്റ്റ് ലൈറ്റും പ്രവര്‍ത്തനമാരംഭിച്ചു. ഹൈമാസ്റ്റിന്റെ ഉദ്ഘാടനം പി.കെ. ശ്രീമതി എം.പി നിര്‍വ്വഹിച്ചു. ഗാന്ധി സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഇ.പി ലത അധ്യക്ഷയായി. ജില്ലാ പോലീസ് മേധാവി കോറി സഞ്ജയ് കുമാര്‍ ഗുരുഡിന്‍, ഡപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍, സെക്രട്ടറി കെ.പി.വിനയന്‍ കൗണ്‍സിലര്‍മാരായ എന്‍.ബാലകൃഷ്ണന്‍, ഇ.ബീന എന്നിവര്‍ പ്രസംഗിച്ചു.
















