
കണ്ണൂര്‍: പ്രശസ്ത മൃഗസ്‌നേഹിയും വന്യജീവി വിദഗ്ധനും മൃഗസംരക്ഷകനുമായിരുന്ന സ്റ്റീവ് ഇര്‍വിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മുതലപ്രേമിയുടെ കൂട്ടായ്‌മയായ ക്രോക്കഡൈല്‍ ലവേഴ്‌സ് അദ്ദേഹത്തോടുള്ള ആദരസൂചകമായി നിര്‍മ്മിച്ച സ്റ്റീവ് ഇര്‍വിന്റെ പൂര്‍ണകായശില്‍പ്പം, സ്‌നേക്ക് പാര്‍ക്ക് ഡയരക്ടര്‍ പ്രൊഫ.ഇ.കുഞ്ഞിരാമന്‍ പൂമാലയണിയിച്ച് പ്രതിമ അനാച്ഛാദനം ചെയ്തു.
അനേകം ചാനല്‍ പരിപാടികളിലൂടെ സാധാരണക്കാര്‍ക്ക് വിവിധയിനം വന്യജീവികളെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും ലോകമെമ്പാടും ആരാധകരുള്ള സ്റ്റീവിന്റെ പ്രയത്‌നം മൂലം സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു. തികഞ്ഞ അര്‍പ്പണബോധത്തോടെ സ്വന്തം തൊഴിലിനെ സ്‌നേഹിച്ച സ്റ്റീവ് തന്റെ ഏറ്റവും പ്രിയപ്പെട്ട ജോലിക്കിടയില്‍ തന്നെ മരണപ്പെട്ട ഭാഗ്യവാന്‍മാരിലൊരാളാണ്. മൃഗസ്‌നേഹികള്‍ക്കും വിജ്ഞാനകുതുകികള്‍ക്കും വന്യജീവികള്‍ക്കും നികത്താനാവാത്ത നഷ്ടമാണ് 2006 സെപ്തംബറില്‍ സ്റ്റീവ് ഇര്‍വിന്റെ ദാരുണമായ മരണത്തോടെ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഇഒ അവിനാശ്, ഗിരിജ, വെറ്ററിനറി ഓഫീസര്‍ ഡോ.അഹമ്മദ് സിയ എന്നിവര്‍ സംബന്ധിച്ചു.
ക്രോക്കൈഡൈല്‍ ലവേഴ്‌സ് ക്ലബ്ബ് അംഗങ്ങളായ ഡോ.ജയ് ലോറന്‍സ്, സുധാകരന്‍, റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ശില്‍പ്പം നിര്‍മ്മിച്ചത്.
ഇന്ത്യയിലുടനീളം ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള ശ്രീ ഷൈജു കണ്ണനാണ് ശില്‍പ്പി. കുഞ്ഞിമംഗലം സ്വദേശിയായ ഷൈജുവിന്റെ കരവിരുതില്‍ വിരിഞ്ഞിട്ടുള്ളതാണ് പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിലെ മറ്റു ശില്‍പ്പങ്ങളും. താന്‍ നിര്‍മ്മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രിയപ്പെട്ടത് ആറരയടി പൊക്കമുള്ള സ്റ്റീവിന്റെ പ്രതിമ തന്നെയാണെന്ന് ഷൈജു പറയുന്നു.
















