കണ്ണൂര്‍: കൈത്തറി വസ്ത്രങ്ങള്‍ക്ക് വാറ്റ് നികുതി ഏര്‍പ്പെടുത്തി ഈ മേഖലയെ തകര്‍ക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. ചരിത്രത്തിലില്ലാത്ത രീതിയില്‍ കൈത്തറി വസ്ത്രങ്ങള്‍ക്ക് അഞ്ചു ശതമാനം വാറ്റ് നികുതി ചുമത്തിയിരിക്കുകയാണ്. മുമ്പ് കേരളത്തില്‍ ഒരു സര്‍ക്കാരും കൈത്തറി വസ്ത്രങ്ങള്‍ക്ക് നികുതി ചുമത്തിയിട്ടില്ല. വാറ്റ് നികുതി ചുമത്തിയതിലൂടെ കൈത്തറി വസ്ത്രങ്ങള്‍ക്ക് വില കൂടാനും ഉപഭോക്താക്കളെ കൈത്തറി വസ്ത്രങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനും ഇടവരുത്തും. റിബേറ്റ് ആനുകൂല്യത്തിന്റെ ആകര്‍ഷണത്വം നഷ്ടപ്പെടുത്തി കൈത്തറി വ്യവസായത്തെ തകര്‍ച്ചയിലേക്കു നയിക്കുന്ന നിലപാട് പരമ്പരാഗത കൈത്തറി തൊഴിലാളികളോടും ഈ വ്യവസായമേഖലയോടും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട കടുത്ത വഞ്ചനയാണെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
ഓണക്കാലത്ത് കൈത്തറി വസ്ത്രങ്ങള്‍ക്ക് റിബേറ്റ് ഏര്‍പ്പെടുത്തുന്നത് ഈ മേഖലയെ സംരക്ഷിക്കുന്നതിനാണ്. കേന്ദ്രസര്‍ക്കാര്‍ പത്തു ശതമാനവും സംസ്ഥാന സര്‍ക്കാര്‍ പത്തു ശതമാനവുമാണ് ഉല്‍സവകാല റിബേറ്റ് നല്‍കുന്നത്. എന്നാല്‍ റിബേറ്റ് ആനുകൂല്യത്തില്‍ നിന്ന് കൈയിട്ട് വാരുന്ന നടപടിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കീഴിലുളള ധനകാര്യവകുപ്പ് ചെയ്തിരിക്കുന്നത്.
കെത്തറി വസ്ത്രങ്ങള്‍ക്ക് വാറ്റ് നികുതി ഏര്‍പ്പെടുത്തി ഈ മേഖലയെ തകര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്ന് കേരള സ്റ്റേറ്റ് ഹാന്‍ഡ്‌ലൂം വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
















