ലക്ഷണം തികഞ്ഞ മരംകണ്ടെത്തി വിധിയാംവണ്ണം മുറിച്ചെടുത്ത് കൊത്തിയുണ്ടാക്കുന്നതാണ് ദാരുബിംബം. വൃക്ഷമുഖം ഏതുദിശയിലേക്കാണോ ആ വശത്തേക്ക് ബിംബവും പ്രതിഷ്ഠിക്കണം. വരിക്കപ്ലാവിന്‍ മരമാണ് ഇതിനധികപക്ഷവും തെരഞ്ഞെടുക്കുന്നത്. പല്ലക്ക,് രഥം, വള്ളം മരക്കലം, തൊട്ടില്‍, ഭസ്മക്കൊട്ട, കളിക്കോപ്പുകള്‍, ദേവതാ രൂപങ്ങള്‍, കൊട്ടാരം, ക്ഷേത്രം, സവര്‍ണ്ണവിഭാഗക്കാരുടെ ഗൃഹങ്ങളിലുള്ള കൊത്തുപണികള്‍ ഉദാഹരണങ്ങളാണ്.
നവഗൃഹങ്ങള്‍, സപ്തമാതൃക്കള്‍, തെയ്യം, തിരകള്‍, എന്നിവയെല്ലാം ദാരുശില്പമായി കൊത്തിയെടുക്കാറുണ്ട്.
ക്ഷേത്രങ്ങളുടെ വാതിലുകളിലും മച്ചിന്മേലും തൂണുകളിലും ജാലകങ്ങളിലും ശില്പവേലകള്‍ കാണും. ഇതിലെല്ലാം ഏതെല്ലാം രൂപങ്ങള്‍ വേണമെന്ന് നിഷ്‌കര്‍ഷയുണ്ട്. വാതിലുകളില്‍ വിലങ്ങായും, കീഴ്‌മേലായും പത്രങ്ങളും പുഷ്പങ്ങളും ലക്ഷ്മീദേവിയുടെ മുഖ്യ പ്രതിമയും ചന്ദ്രക്കലയും കൊത്തിവക്കാറുണ്ട്. സൂത്രപട്ടികമേല്‍ സ്തനാകൃതിയിലുള്ള രൂപങ്ങളും കൃഷണന്റെയോ, ഗണപതിയുടേയോ പ്രതിമകളും കൊത്തിവക്കുന്നു. ഉത്തരങ്ങളുടെ കപോതങ്ങളില്‍ ശില്പവേലകള്‍ തീര്‍ക്കാറുണ്ട്.
ക്ഷേത്രമുഖമണ്ഡപങ്ങളില്‍ ഗുളികസ്തംഭങ്ങളിലും മുതലസ്തംഭങ്ങളിലും പഞ്ചാകൂഢങ്ങളിലും കൊത്തുപണികള്‍കാണും. ക്ഷേത്രങ്ങളിലും ബ്രഹ്മാലയങ്ങളിലും മരത്തില്‍കൊത്തിവയ്‌ക്കുന്ന ഭീകരമുഖമാണ് കിം പുരുഷമുഖം. പാമ്പിന്റെ മുഖംപോലുള്ള മൂന്നു കണ്ണുകള്‍, കരാള മുഖം, ആടിന്റേതുപോലുള്ള മൂന്നുകൊമ്പുകള്‍, കുരങ്ങിന്റെ പോലുള്ളമുഖം, ദംഷ്‌ട്രങ്ങളും, പുറത്തേക്കു തള്ളിയനാക്കും, ഇതിനുണ്ട്. ദേവാസുര യുദ്ധത്തില്‍ കിം പുരുഷന്റെ തലമുറിഞ്ഞതിനെ സ്മരിച്ചാണ് ക്ഷേത്രങ്ങളില്‍ ഇത് കൊത്തിവച്ചിരിക്കുന്നത്. ഇതിനെ കിം പിരിമുഖമെന്നും പറയുന്നുണ്ട്.
















