ന്യൂദല്‍ഹി: കശ്മീര്‍ വിഘടനവാദികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായം നിര്‍ത്തലാക്കുന്നതിനെ അനുകൂലിച്ച് സുപ്രീംകോടതിയും. തങ്ങള്‍ക്കും ഇതേ വികാരമാണുള്ളതെന്ന് കോടതി വ്യക്തമാക്കി. അഭിഭാഷകനായ എം.എല്‍. ശര്‍മ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ അഭിപ്രായം.
ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തിയത്. ഹര്‍ജി 14ന് പരിഗണിക്കും.
വിഘടനവാദികളുടെ സുരക്ഷ, വിദേശയാത്രകള്‍ തുടങ്ങിയവയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ നൂറ് കോടിയിലേറെ ചെലവഴിച്ചുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാജ്യത്തിന്റെ പണം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണ്. സര്‍ക്കാര്‍ നല്‍കിയ സൗകര്യങ്ങള്‍ വിഘടനവാദികള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു. ജനങ്ങളെയും പാര്‍ലമെന്റിനെയും അറിയിക്കാതെയാണ് ഇത് ചെയ്യുന്നത്. പണം ചെലവഴിച്ചത് സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
















