കണ്ണൂര്‍: സിപിഎം സംഘം ഗണേശോത്സവം അലങ്കോലമാക്കാന്‍ കരുതിവെച്ച ബോംബുകളും മാരകായുധങ്ങളും പോലീസ് പിടികൂടി. പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിന് സമീപമുള്ള പറമ്പിലാണ് സ്റ്റീല്‍ ബോംബുകള്‍ അടക്കമുള്ള വസ്തുതകള്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കണ്ടെടുത്തത്.
ഇവിടെ ഗണേശോത്സവത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചപ്പോള്‍തന്നെ സിപിഎം ജില്ലാ നേതൃത്വത്തിന്റെ അനുവാദത്തോടെ പ്രാദേശിക നേതാക്കള്‍ ദിവസങ്ങളായി പ്രകോപനത്തിന് കളമൊരുക്കിയിരുന്നു. എന്നാല്‍ മനപ്പൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാനുള്ള സിപിഎം പ്രാദേശിക നേതാവിന്റെയും സംഘത്തിന്റെയും നീക്കം ഫലംകണ്ടിരുന്നില്ല. കണ്ണൂക്കര, കക്കാട്, അരയാല്‍ത്തറ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘപരിവാര്‍ പ്രവര്‍ത്തകരെ ലക്ഷ്യമാക്കി സിപിഎം സംഘര്‍ഷത്തിന് ശ്രമം നടത്തിയത്. കഴിഞ്ഞദിവസം കണ്ണൂക്കരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം സംഘം ആക്രമിച്ചിരുന്നു. കൂടാതെ മുഖംമൂടിയണിഞ്ഞ് ബൈക്കില്‍ സഞ്ചരിക്കുന്നത് സിപിഎം സംഘം പതിവാക്കിയിരുന്നു.
സിപിഎം കുടുംബങ്ങളില്‍ നിന്നുള്ളവര്‍പോലും ഇത്തവണ ഗണേശോത്സവത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. ഇതില്‍ വിറളികൊണ്ടാണ് സിപിഎം പ്രാദേശിക നേതൃത്വം സംഘര്‍ഷത്തിനുള്ള നീക്കം നടത്തിയത്. ഗണേശോത്സവത്തിന്റെ ഒരുക്കങ്ങള്‍ക്കിടയില്‍ സംഘര്‍ഷശ്രമം പരാജയപ്പെട്ടതിനാല്‍ ഉത്സവം കഴിഞ്ഞ് തിരിച്ചുപോകുന്നവരെ അക്രമിക്കാന്‍ ലക്ഷ്യംവെച്ചാണ് സ്റ്റീല്‍ ബോംബുകളും മാരകായുധങ്ങളും പ്രദേശത്ത് ഒളിപ്പിച്ചുവെച്ചതെന്നാണ് സൂചന.
കഴിഞ്ഞവര്‍ഷം അമ്പാടി മുക്കില്‍ സിപിഎം നടത്തിയ ഗണേശോത്സവം ഏറെ വിമര്‍ശനവും പരിഹാസ്യവുമായി മറിയിരുന്നു. ഈ വര്‍ഷവും ഗണേശോത്സവം നടത്താന്‍ അധികൃതരില്‍ നിന്ന് സിപിഎം അനുമതി വാങ്ങിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ പരിപാടിയുമായി സഹകരിക്കാന്‍ സ്വന്തം അണികള്‍ പോലും തയ്യറാവാത്തതിനെ തുടര്‍ന്ന് അവസാന നിമിഷം ജില്ലാ നേതൃത്വം പരിപാടി ഉപേക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഗണേശോത്സവം നടത്താന്‍ നിര്‍ദ്ദേശിച്ച സിപിപഎം ജില്ലാ സെക്രട്ടറി പി.ജയരാജന് ശക്തമായ തിരിച്ചടിയായിട്ടാണ് ഇത് മാറിയത്.
പാര്‍ട്ടിയുടെ തീരുമാനിച്ച പരിപാടി ആളില്ലാത്തതിനാല്‍ ഉപേക്ഷിക്കേണ്ടിവരികയും സാധാരണ നടത്താറുള്ള ഗണേശോത്സവ പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്നതും സിപിഎം നേതൃത്വത്തിനെ അസഹ്യമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആയുധങ്ങളും ബോംബും ശേഖരിച്ച് അക്രമത്തിനുള്ള മുന്നൊരുക്കത്തിന് സിപിഎം നേതൃത്വം തയ്യാറായത്.
















