ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ ഫാസിസ്റ്റാണെന്നു വാദിച്ച്, സിപിഎം-കോണ്‍ഗ്രസ് ബാന്ധവത്തിനുള്ള ചിലരുടെ ശ്രമങ്ങള്‍ തടഞ്ഞ് പ്രകാശ് കാരാട്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീഴ്‌ത്താന്‍ പഴുതുകള്‍തേടുന്ന മുന്‍ ജനറല്‍ സെക്രട്ടറി, ഈ പരിശ്രമത്തില്‍ ആര്‍എസ്എസ് പോലും ഫസിസ്റ്റല്ലെന്ന് വാദിച്ചതോടെ പാര്‍ട്ടി ഇതുവരെ സംഘപരിവാറിനെക്കുറിച്ചു പറഞ്ഞതെല്ലാം തിരുത്താന്‍ സിപിഎം നിര്‍ബന്ധിതമാവുന്നു. കാരാട്ട് പറഞ്ഞത് സത്യമാണെന്ന് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഗൗരവ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.
മോദി സര്‍ക്കാരിനെയും ബിജെപിയേയും വിലയിരുത്തി കാരാട്ട് എഴുതിയ പുതിയ ലേഖനത്തില്‍ ഇങ്ങനെ: ”ബിജെപി ഒരു സാധാരണ ബൂര്‍ഷ്വാ പാര്‍ട്ടിയല്ല. അതിന് ആര്‍എസ്എസ്സുമായി ജൈവ ബന്ധമുണ്ട്. വര്‍ഗീയ സ്വഭാവമുള്ള, വലതുപക്ഷ സാമ്പത്തികാദര്‍ശവും സാമൂഹ്യ പരിപാടിയുമുള്ള പാര്‍ട്ടിയാണത്. സെമി ഫാസിസ്റ്റ് ആദര്‍ശമുള്ള ആര്‍എസ്എസ്സുമായുള്ള ബന്ധംവച്ച് നോക്കുമ്പോള്‍, ആവശ്യമെങ്കില്‍ ഒറ്റനേതാവില്‍ അധികാരം കേന്ദ്രീകരിക്കാനാവുന്ന പാര്‍ട്ടിയാണ് ബിജെപി…”
ഒരു വിഭാഗം ഇടതുപക്ഷ ബുദ്ധിജീവികള്‍, ഫാസിസത്തെ ചെറുക്കാന്‍ ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം കോണ്‍ഗ്രസുമായി ഒന്നിക്കണമെന്ന പരിപാടി അവതരിപ്പിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് രാഷ്‌ട്രീയ തോല്‍വി വാങ്ങിയ യെച്ചൂരിയുടെ പക്ഷക്കാരാണവര്‍.
കോണ്‍ഗ്രസ് സഖ്യത്തിന്റെ പേരില്‍, തനിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ കാരാട്ട് നടത്തുന്ന ആദര്‍ശയുദ്ധം നേരിടാന്‍ യെച്ചൂരിയെ തുണയ്‌ക്കുന്നവര്‍ക്കെതിരേയുള്ള വിമര്‍ശനമാണ് കാരാട്ടിന്റേത്. ബിജെപിക്കോ സംഘപരിവാറിനോ നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കാതിരിക്കാന്‍ കാരാട്ട് ശ്രദ്ധിക്കുന്നുണ്ട്. ഫാസിസമല്ല, സെമി ഫാസിസമാണ് ആര്‍എസ്എസ്സിന്റേത്, ബിജെപിക്ക് ഫാസിസമില്ല, വര്‍ഗ്ഗീയതയാണ് എന്ന് വ്യാഖ്യാനിച്ച്, രാഷ്‌ട്രീയ എതിര്‍പ്പ് തുടരണമെന്നുതന്നെയാണ് കാരാട്ടിന്റെയും നിലപാട്.
എന്നാല്‍, ഫാസിസമല്ലെന്ന വാദത്തോടെ കോണ്‍ഗ്രസുമായി കൂട്ടെന്ന ആശയം പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി തള്ളുന്നു. ഇതോടെ, മോദിക്കും സംഘപരിവാറിനും മേല്‍ ആരോപിച്ച ഫാസിസ്റ്റ് വാദങ്ങള്‍ വിഴുങ്ങാന്‍ നേതാക്കളും പ്രവര്‍ത്തകരും കുഴങ്ങുകയാണ്.
















