തിരുവനന്തപുരം: ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ്താരം ഡേവിഡ് ബൂണ്‍ വര്‍ഷങ്ങളുടെ ഇടവേളയ്‌ക്കു ശേഷം വീണ്ടും ബാറ്റെടുത്തു. കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ കുട്ടികള്‍ക്കൊപ്പമായിരുന്നു ബൂണ്‍ ഒരിക്കല്‍ കൂടി ബാറ്റ് ചെയ്തത്. കുട്ടികള്‍ എറിഞ്ഞ പന്തുകള്‍ പഴയ കാലപ്രതാപത്തെ അനുസ്മരിപ്പിച്ച് ബൂണ്‍ നേരിട്ടു.
ടാസ്മാനിയന്‍ ഔദ്യോഗിക സന്ദര്‍ശക സംഘത്തിലെ അംഗമായിട്ടാണ് ബൂണെത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെയും അനില്‍കുംബ്ലെയുടെ ടെന്‍വിക് സ്‌പോര്‍ട്‌സ് അക്കാഡമിയിലെയും കുട്ടിത്താരങ്ങള്‍ ബൂണിനെ കണ്ടതോടെ ജേഴ്‌സിയിലും ബാറ്റിലും ബോളിലും ഓട്ടോഗ്രാഫ് വാങ്ങാനായി ചുറ്റും കൂടി. പിന്നാലെയാണ് പഴയ ആവേശമുയര്‍ത്തി ബൂണ്‍ ബാറ്റ് കയ്യിലെടുത്തത്.
സൂപ്പര്‍ താരത്തിനെതിരെ പന്തെറിയാന്‍ കുട്ടികള്‍ മത്സരിച്ചു. ഇന്ത്യയെക്കുറിച്ചും ഇന്ത്യന്‍ താരങ്ങളെകുറിച്ചും പറയാനേറെയുണ്ടായിരുന്നു ബൂണിന്. സ്വന്തം കഴിവുകള്‍ വികസിപ്പിക്കാന്‍ സച്ചിന്‍ നടത്തിയ കഠിനാധ്വാനമാണ് അദ്ദേഹത്തിന്റെ വിജയമെന്ന് പറഞ്ഞ ബൂണ്‍ വിരാട് കോഹ്‌ലിയെ മികച്ച താരമെന്നും വിശേഷിപ്പിച്ചു. കോഹ്‌ലി, സ്മിത്ത്, വില്യംസ് എന്നിവരെല്ലാം അവരുടേതായ ശൈലിയില്‍ മികച്ച കളി കാഴ്ചവയ്‌ക്കുന്നവരാണ്.
ഇവരെ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. 1987 ലെ ലോകകപ്പ് നിമിഷങ്ങളെ കുറിച്ചും ബൂണ്‍ പങ്കുവച്ചു. ഈഡന്‍ഗാര്‍ഡന്‍സില്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിട്ടപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഓസ്‌ട്രേലിയക്കായി കൈയടിച്ചത് അത്ഭുതപ്പെടുത്തി. മാര്‍ക്ക് ടെയ്‌ലര്‍ മുതല്‍ റിക്കി പോണ്ടിങ് ഉള്‍പ്പെടെയുള്ള ക്യാപ്റ്റന്‍മാര്‍ മിടുക്കന്‍മാരെന്ന് പറഞ്ഞ ബൂണ്‍ പക്ഷേ ക്യാപ്റ്റന്‍മാരിലെ തന്റെ ഹീറോ അലന്‍ ബോര്‍ഡറാണെന്നും പറഞ്ഞു.
















