പത്തനംതിട്ട: ചെമ്പന്‍ മുടിയിലെ പാറഖനനത്തിനുള്ള അനുമതി താല്‍ക്കാലികമായി ജില്ലാ കളക്ടര്‍ ആര്. ഗിരിജ റദ്ദാക്കി. ചെമ്പന്മുടിയിലെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത ചര്‍ച്ചയ്ക് ശേഷമാണ് കളക്ടര്‍ തീരുമാനം അറിയിച്ചത്. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കുന്നതിനായി പൊട്ടിച്ചിട്ട കല്ലു മടയില്‍നിന്നും നീക്കാന്‍ അനുമതി നല്കി. പ്രദേശത്തെ വിഷയങ്ങള്‍ മനസിലാക്കാന്‍ താന്‍ ചെമ്പന്മുടി സന്ദര്‍ശിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
ചെമ്പന്മുടിയില് ഖനനത്തിന് ജൂലായില്‍ പഞ്ചായത്ത് നല്കിയ അനുമതിയാണ് കളക്ടര്‍ താല്‍ക്കാലികമായി തടഞ്ഞത്. കളക്ടര്‍ ഇനിയൊരു തീരുമാനം എടുക്കും വരെ ഖനനം അനുവദിക്കില്ല. ഓണത്തിന് ശേഷം 19ന് പാറ നീക്കം തുടങ്ങും. ഇപ്പോള്‍ നാല് ലോഡ് കൊണ്ടുപോയിട്ടുണ്ട്. ഇനിയുള്ള 499 ലോഡ് 30 ദിവസം കൊണ്ട് കൊണ്ടുപോകണം. ചരക്ക് നീക്കം നിരീക്ഷിക്കാന്‍ സമരസമിതി, വില്ലേജ് അധികാരികള്‍, പോലീസ് ,മൈനിങ്ങ് ആന്റ് ജിയോളജി എന്നിവരുടെ പ്രതിനിധികള്‍ ഉണ്ടാകണമെന്ന സമിതിയുടെ ആവശ്യം അംഗീകരിച്ച കളക്ടര്‍ കോടതി ഉത്തരവ് പാലിക്കാന്‍ സമിതി സഹകരിക്കണം എന്ന് അഭ്യര്‍ഥിച്ചു.
ഖനനത്തിന് അനുമതിക്കായി ഉടമ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് വിശ്വാസ്യത ഉറപ്പാക്കും. കളക്ടര്‍ തന്നെ ഇത് പരിശോധിക്കും. മുന്‍കാല അനുമതികള്‍ക്ക് കാരണമായ നിബന്ധനകള്‍ പാലിച്ചോ, ആരോഗ്യ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരുടെ അനുമതി ഉണ്ടോ എന്നതും പരിശോധിക്കും.
നാറാണംമൂഴി പഞ്ചായത്തിലെ സിപിഎം ഭരണസമിതിയാണ് ചെമ്പന്മുടിയിലെ പാറമടയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്. എന്നാല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ പാറമടയില്‍ നിന്നും ലോഡ് അയച്ചിരുന്നില്ല. അതിനിടെ പാറമടയില്‍ നിന്നും ലോഡ് കയറ്റി അയയ്ക്കുന്നതിന് നടത്തിയ നീക്കമാണ് പ്രശ്നം രൂക്ഷമാക്കിയത്.
ചര്‍ച്ചയില്‍ ജില്ലാ കളക്ടറെ കൂടാതെ തിരുവല്ല ആര്‍ഡിഒ ജെ. ഷീലാദേവി, എഡിഎം സജീവ്, റാന്നി തഹസീല്‍ദാര്‍ ഷംസുദീന്‍, മൈനിംഗ് ആന്‍ഡ് ജിയോളജി,മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, റാന്നി സിഐ എസ്.ന്യൂമാന്‍ തുടങ്ങിയവരും സമരസമിതിയെ പ്രതിനിധീകരിച്ച് കലഞ്ഞൂര്‍ സന്തോഷ്,ഷാജി പതാലില്‍, സജി കൊട്ടാരം, പ്രിന്‍സ് ജോസ്, ദിലീപ് കൊല്ലമുള എന്നിവരും പാറമട ഉടമസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: