ഇരിട്ടി: സ്‌കൂള്‍ മുറ്റത്ത് നാടന്‍പൂ വസന്തം തീര്‍ത്ത് ഓണപ്പൂക്കളങ്ങളില്‍ പുത്തന്‍ ചന്തമൊരുക്കാനൊരുങ്ങുകയാണ് ഇരിട്ടി വിളക്കോട് ഗ്ലോബല്‍ ഇന്ത്യാ പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ഇന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന വിഷ ഗന്ധമുള്ള പൂക്കള്‍കൊണ്ട് പൂക്കളം തീര്‍ക്കുന്ന മലയാളിക്ക് മാതൃകയായി ഇരിട്ടി ദേശവാസികളുടെ വീട്ടുമുറ്റങ്ങളിലെ പൂക്കളങ്ങള്‍ നറുഗന്ധം പരത്തി തങ്ങളുടെ സ്‌കൂള്‍ മുറ്റത്തു വിരിഞ്ഞാടുന്ന പൂക്കള്‍ കൊണ്ട് ആനന്ദമയമാക്കാനാണ് വിദ്യാര്‍ഥികള്‍ ഒരുങ്ങുന്നത്.
സ്‌കൂളിനോട് ചേര്‍ന്ന ഒരേക്കര്‍ വരുന്ന സ്ഥലത്താണ് വിദ്യാര്‍ഥികള്‍ തങ്ങളുടെ പൂകൃഷി ഒരുക്കിയിരിക്കുന്നത്. കര്‍ണ്ണാടകത്തിലെ ഗുണ്ടല്‍പേട്ടയില്‍ നിന്നും കൊണ്ടുവന്ന ഹൈബ്രീഡ് വിത്തുകള്‍ ഉപയോഗിച്ചാണ് കൃഷി നടത്തിയത്. യാതൊരുവിധ കീടനാശിനിയും ഉപയോഗിക്കാതെ ജൈവ രാസവളവളങ്ങളുടെ മിശ്രിതം വളമായി നല്‍കി. 90 ദിവസം കൊണ്ട് വിരിഞ്ഞാടിയ പൂക്കള്‍ മനസ്സിനും കണ്ണിനും കുളിര്‍മ്മയേകുന്നു. യാതൊരുവിധ കീടനാശിനികളും ഉപയോഗിക്കാത്തത് കൊണ്ടുതന്നെ പൂത്തുമ്പികളും പൂമ്പാറ്റകളും ഇവിടം സന്ദര്‍ശകരായി മാറിയപ്പോള്‍ കാഴ്‌ച്ചയുടെ വസന്തം കാണാന്‍ ധാരാളം നാട്ടുകാരും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു. അന്യ ദേശങ്ങളില്‍ പൂപാടം കാണാന്‍ പോകുന്നവര്‍ക്ക് നാട്ടിലെ ഈ കാഴ്ച ആഹ്ലാദകരമാവുകയാണ്.
കാര്‍ഷിക പ്രവര്‍ത്തിയുടെ ഭാഗമായി ഒരേക്കറോളം സ്ഥലത്ത് ഇക്കോ ക്ലബിന്റെയും മുഴക്കുന്ന് കൃഷിഭവന്റെയും നേതൃത്വത്തില്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും അദ്ധ്യാപകരും ചേര്‍ന്ന് പച്ചക്കറികൃഷിയും ഇവിടെ നടത്തിയിട്ടുണ്ട്. ഇരിട്ടിയിലെ പ്രദേശവാസികള്‍ക്ക് വീട്ടുമുറ്റങ്ങളില്‍ പൂക്കളം തീര്‍ക്കാന്‍ ഇവിടെ നിന്നും പൂക്കള്‍ വില്‍പ്പന നടത്താന്‍ ഒരുങ്ങുകയാണ് വിളക്കോട് ഗ്ലോബല്‍ ഇന്ത്യാ സ്‌കൂളിലെ വിദ്യാര്‍ഥികള്‍.
















