കണ്ണൂര്‍: ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡിന് പിച്ചൊരുക്കാന്‍ തലശ്ശേരി സ്വദേശി. തലശ്ശേരി നെട്ടൂര്‍ സ്വദേശി സി.കെ.അനൂപിനെയാണ് ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒമാന്റെ മുഖ്യപിച്ച് നിര്‍മ്മാതാവായി നിയമിച്ചത്. കഴിഞ്ഞ ജൂണ്‍ 14 ന് ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ ഇന്റര്‍വ്യൂവില്‍ പിച്ച് നിര്‍മ്മാതാവായി തെരഞ്ഞെടുക്കപ്പെട്ട അനൂപിന് ഒമാനിലേക്കുളള വിസ ബോര്‍ഡില്‍ നിന്നും ലഭിച്ചു കഴിഞ്ഞു. സെപ്തംബര്‍ പകുതിയോടെ ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മുഖ്യ പിച്ച്‌നിര്‍മ്മാതാവായി ഉത്തരവാദിത്വം ഏറ്റെടുക്കും. യുവാക്കളെ ക്രിക്കറ്റിലേക്കാകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഒമാന്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന മൂന്ന് സ്റ്റേഡിയത്തിലെ പിച്ചുകളുടെ നിര്‍മ്മാണം അനൂപിന്റെ നേതൃത്വത്തില്‍ നടക്കും. നിലവില്‍ രണ്ട് മുന്‍ ഇന്‍ഡ്യന്‍ വനിതാ ക്രിക്കറ്റ് ടീമംഗം ശാന്ത രംഗസ്വാമിയാണ് അനൂപിനെ ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതരുമായി പരിചയപ്പെടുത്തിയതെന്ന് അനൂപ് പറഞ്ഞു. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദുലീപ് മെന്‍ഡിസാണ് ഒമാന്‍ ക്രിക്കറ്റ് ടീമിന്റെ നിലവിലെ കോച്ച്. മുന്‍ ഇന്‍ഡ്യന്‍ താരം എസ്.ശ്രീറാമും ഹൃഷികേശ് കനിത്ക്കര്‍ എന്നിവരും ടീമിന്റെ പരിശീലന വിഭാഗത്തിലുണ്ട്. 2014 മുതല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷനില്‍ അംഗമാണ് ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ കൂടിയായ അനൂപ് ബിസിസിഐ അംഗീകരിച്ച ലെവല്‍ വണ്‍ അമ്പയര്‍ കൂടിയാണ്. ബിസിസിഐയുടെ പിച്ച്‌നിര്‍മ്മാണ സര്‍ട്ടിഫിക്കറ്റ് നേടിയ അനൂപ് വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പിച്ച് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയിരുന്നു. കൊച്ചി ക്രിക്കറ്റ് സ്‌റേറഡിയത്തില്‍ പിച്ച് നിര്‍മ്മാണത്തില്‍ അസിസ്റ്റന്റ് ക്യുറേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.തലശ്ശേരിയിലും വയനാടും നടന്ന രഞ്ജി ട്രോഫി മത്സരങ്ങളുടേ പിച്ചുകളും ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ചിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ മേല്‍ നോട്ടത്തില്‍ ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തൊടുപുഴയില്‍ നിര്‍മ്മിക്കുന്ന പിച്ചിന്റെ നിര്‍മ്മാണവും അനൂപിന്റെ മേല്‍ നോട്ടത്തില്‍ അവസാന ഘട്ടത്തിലാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇടുക്കിയില്‍ പിച്ച് നിര്‍മ്മാണ പരിശീലന പദ്ധതിയുടെ ചീഫ് ഇന്‍സ്ട്രക്ടറായി കഴിഞ്ഞ രണ്ടു മാസമായി 38 കാരനായ അനൂപ് പ്രവര്‍ത്തിച്ചുവരികയാണ്.
















