കണ്ണൂര്‍: തിരുവോണത്തിന് ഇനി ആറുനാള്‍. നാടും നഗരവും ആഘോഷത്തിനുളള ഒരുക്കങ്ങളില്‍. ഓണഘോഷത്തിനുളള തയ്യാറെടുപ്പില്‍ ഗ്രാമ പ്രദശങ്ങളിലും നഗരങ്ങളിലും ഒരുക്കങ്ങള്‍ തകൃതി. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ഇലക്‌ട്രോണിക്‌സ് ഷോറൂമുകള്‍ ഉള്‍പ്പെടെയുളള മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഓണക്കോടിയും മറ്റും വാങ്ങാനുളളവരുടെ തിരിക്ക് അനുഭവപ്പെട്ടു തുടങ്ങി. കണ്ണൂര്‍ ഉള്‍പ്പെടെയുളള നഗരങ്ങളില്‍ കുടുംബശ്രീയുടെ ഓണ ചന്തകളും മേളകളും സജീവമായി. കൈത്തറി മേള, ഖാദി മേള, കാര്‍ഷിക മേള, മറ്റ് നിരവധി ചെറുകിട മേളകളും ആരംഭിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ഐആര്‍ഡിപി മേള ഇന്നാരംഭിക്കും. ജില്ലയിലെ ടൗണുകളിലെല്ലാം തന്നെ വഴിയോരക്കച്ചവടക്കാരും സജീവമായിട്ടുണ്ട്. ജില്ലയിലെ ടൗണുകളായ കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി, മട്ടന്നൂര്‍, കൂത്തുപറമ്പ്, പാനൂര്‍ എന്നിവിടങ്ങളിലെല്ലാം ഓണത്തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിച്ച പൂക്കളുടെ വില്‍പ്പനയും ടൗണുകളില്‍ ആരംഭിച്ചിട്ടുണ്ട്. ഒട്ടുമിക്ക സ്ഥാപനങ്ങളിലും മേളകളിലും ജനങ്ങളെ ആകര്‍ഷിക്കാന്‍ ഓണം ഓഫറുകളും കിഴിവുകളും സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളും കുടുംബ ശ്രീകളും കൈത്തറി സംഘങ്ങളുമെല്ലാം 20 മുതല്‍ 30 ശതമാനം വരം റിബേറ്റിലാണ് വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വിറ്റഴിക്കുന്നത്. മത്സ്യ-മാംസാദികള്‍ക്കും പച്ചക്കറികള്‍ക്കും വില അല്‍പ്പം കുറവാണെന്നത് ജനങ്ങള്‍ക്ക് അല്‍പ്പം ആശ്വസം നല്‍കുന്നതാണെങ്കിലും പലവ്യഞ്ജനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരായ ജനങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ് ഇത്തവണ. എങ്കിലും കാണം വിറ്റും ഓണമുണ്ണണമെന്ന പഴമൊഴി അന്വര്‍ത്ഥമാക്കി നാടൊന്നാകെ ഓണാഘോഷത്തിനുളള ഒരുക്കങ്ങളിലാണ്. സ്വതവേ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന കണ്ണൂര്‍ പോലുളള നഗരങ്ങളില്‍ ഓണത്തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയതോടെ ഗതാഗതക്കുരുക്കും വര്‍ദ്ധിച്ചു തുടങ്ങിയിട്ടുണ്ട്.
















