പയ്യന്നൂര്‍: അക്രമത്തില്‍ വെള്ളത്തിലിട്ടു നശിപ്പിക്കപ്പെട്ട ആര്‍ഷ വിദ്യാലയത്തിലെ ലൈബ്രറി പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഏഴാം ക്ലാസില്‍ പഠിക്കുന്ന ഹൃഷികേശ് കഞ്ചു പലയിടങ്ങളില്‍ നിന്നായി ശേഖരിച്ച നൂറോളം പുസ്തകങ്ങള്‍ സ്‌കൂളിനു സമര്‍പ്പിച്ചു. കുന്നരുവിലും അന്നുരിലും നടന്ന കൊലപാതകത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങളിലാണ് സ്‌കൂളിലെ ലൈബ്രറിയും കമ്പ്യൂട്ടറുകളും നശിപ്പിക്കപ്പെട്ടത്.
കുഞ്ചുനടത്തിയ കന്യാകുമാരി സൈക്കിള്‍ യാത്രക്കിടയിലും പുസ്തകങ്ങള്‍ ശേഖരിച്ചിരുന്നു. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അടങ്ങിയ ചടങ്ങില്‍ പുസ്തകശേഖരം സ്‌കൂള്‍ ലീഡര്‍ വൈഷ്ണവ് നാരായണന്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രധാനാധ്യാപകന്‍ കെ.വി.കുഞ്ഞിരാമന്‍, എ.രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് എന്നിവയുടെ അതിപ്രസരത്തിനിടയിലും പുസ്തകത്തെയും വായനയെയും സ്‌നേഹിക്കുന്ന കുഞ്ചുവിനെപ്പോാലുള്ള വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷ നല്‍കുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.വി.കുഞ്ഞിരാമന്‍ പറഞ്ഞു.















