പാനൂര്‍: ബോംബ് രാഷ്‌ട്രീയത്തില്‍ പൊലിയുന്നത് നിരപരാധികളുടെ ജീവനും അവയവങ്ങളും. കഴിഞ്ഞ ദിവസം സിപിഎം കേന്ദ്രത്തില്‍ നടന്ന സ്‌ഫോടനത്തില്‍ കണ്ണിനും ഇരുകാലുകള്‍ക്കും പരിക്കേറ്റ ദേവനന്ദ് പന്താണെന്ന് കരുതി കൗതുകപൂര്‍വ്വം എടുത്ത വസ്തുവാണ് നിലത്തെറിഞ്ഞ ഉടന്‍ പൊട്ടിത്തെറിച്ചത്. അപകടങ്ങള്‍ തുടര്‍ക്കഥയാവുപ്പോഴും അന്വേഷണം എവിടെയും എത്താറില്ലായെന്നതാണ് വസ്തുത.
പാനൂര്‍ മേഖലയിലെ ബോംബ് രാഷ്‌ട്രീയത്തില്‍ അന്യസംസ്ഥാന തൊഴിലാളിയായ അമാവാസിക്ക് കൈനഷ്ടപ്പെട്ടത് 1998 ഒക്ടോബര്‍ മാസത്തിലായിരുന്നു. ആക്രിസാധനമാണെന്ന് കരുതി സ്റ്റീല്‍ബോംബിനു ചുറ്റിക കൊണ്ട് ഇടിച്ചപ്പോഴാണ് ഒരുകൈപ്പത്തിക്കും കണ്ണിനും അപകടമുണ്ടായത്. കൈകള്‍ മുറിച്ചു മാറ്റിയ അമാവാസി ഇപ്പോള്‍ പൂര്‍ണ്ണചന്ദ്രനെന്ന പേരിലാണ് ജീവിക്കുന്നത്. 2011 എലാങ്കോട് വൈദ്യര്‍പീടികയ്‌ക്ക് സമീപത്ത് വെച്ച് രണ്ട് മദ്രസവിദ്യാര്‍ത്ഥികള്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു. റോഡരികില്‍ കണ്ട വസ്തു ചവിട്ടിത്തെറിപ്പിച്ചപ്പോള്‍ പൊട്ടുകയായിരുന്നു .2012ല്‍ തൂവ്വക്കുന്ന് കളളുഷാപ്പിനു സമീപത്ത് വെച്ച് പറമ്പില്‍ ജോലി ചെയ്യുകയായിരുന്ന കേളോത്തുകണ്ടി ബാബുവിന്റെ രണ്ടുകണ്ണുകളും നഷ്ടമായത് മണ്ണിനിടയില്‍ സൂക്ഷിച്ച ബോംബില്‍ തൂമ്പ തട്ടിയതിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ചായിരുന്നു. 2012ല്‍ തന്നെ വളളങ്ങാട് വാടകവീട്ടില്‍ നിന്നും സ്‌ഫോടനത്തില്‍ ഫജാലൂദ്ധീന്‍ ബഹാദൂര്‍ എന്ന ബംഗാള്‍ യുവാവ് മരിച്ചിരുന്നു. 2014ല്‍ പാനൂര്‍ അയ്യപ്പക്ഷേത്ര പരിസരത്ത് നിന്നും ബോംബ് പൊട്ടി മധ്യപ്രദേശ് സ്വദേശി അഭിഷേകിന്റെ വലതുകൈപ്പത്തി നഷ്ടപ്പെട്ടിരുന്നു. 2015 ജൂണ്‍ 6ന് ഈസ്റ്റ് ചെറ്റക്കണ്ടിയില്‍ നടന്ന സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകരായ സുബീഷ്, ഷൈജു എന്നിവര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത് ബോംബ് നിര്‍മ്മാണത്തിനിടെയായിരുന്നു. ഇങ്ങിനെ ചെറുതും വലുതുമായ നിരവധി സ്‌ഫോടനങ്ങള്‍ പാനൂരും പരിസരങ്ങളിലും അരങ്ങേറിയിട്ടും ഒന്നില്‍പ്പോലും അന്വേഷണം നടത്താനോ പ്രതികളെ പിടികൂടാനോ പോലീസിനു കഴിഞ്ഞിട്ടില്ല. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ കേസ് രജിസ്റ്റ്ര്‍ ചെയ്യുകയും പിന്നീട് മരവിപ്പിക്കുകയുമാണ് പതിവ്. ചെണ്ടയാട് നടന്ന സ്‌ഫോടനത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ വീടിനോടു ചേര്‍ന്ന് ബോംബുകള്‍ സൂക്ഷിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനെങ്കിലും പോലീസ് ശ്രമിക്കണം. അതാണ് ഇത്തരം ആയുധശേഖരണം അവസാനിപ്പിക്കാനുളള മാര്‍ഗവും.















