മക്കേ: എ ടീമുകളുടെ ചതുര്‍രാഷ്‌ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ജേതാക്കള്‍. ഫൈനലില്‍ ആതിഥേയരായ ഓസ്‌ട്രേലിയ എയെ 57 റണ്‍സിനു കീഴടക്കി മലയാളി താരം സഞ്ജു സാംസണ്‍ കൂടി ഉള്‍പ്പെട്ട ഇന്ത്യ.
ഓപ്പണര്‍ മന്‍ദീപ് സിങ്ങിന്റെയും (95), ലെഗ്‌സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന്റെയും (നാല് വിക്കറ്റ്) പ്രകടനങ്ങളാണ് ഇന്ത്യയെ കിരീടത്തിലേക്കു നയിച്ചത്. മന്‍ദീപ് കളിയിലെ താരം. സ്‌കോര്‍: ഇന്ത്യ എ – 266/4 (50), ഓസ്‌ട്രേലിയ എ – 209 (44.5).
ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കത്തിലേ കരുണ്‍ നായരെ (ഒന്ന്) നഷ്ടമായെങ്കിലും മന്‍ദീപും നായകന്‍ മനീഷ് പാണ്ഡെയും (61) ടീമിനെ ഭദ്രമായ നിലയിലെത്തിച്ചു. 108 പന്തില്‍ 11 ഫോറുകളോടെ മന്‍ദീപിന്റെ ഇന്നിങ്‌സ്. 71 പന്തില്‍ രണ്ട് ഫോര്‍ നേടി മനീഷ്. ശ്രേയസ് അയ്യര്‍ (41), കേദാര്‍ യാദവ് (25 നോട്ടൗട്ട്), അക്ഷര്‍ പട്ടേല്‍ (22 നോട്ടൗട്ട്) എന്നിവരുടെ ഇന്നിങ്‌സുകളും തുണയായി. ഓസീസ് ബൗളര്‍മാര്‍ വഴങ്ങിയ 21 എക്‌സ്ട്രാ റണ്ണുകളും മുതല്‍ക്കൂട്ട്. ട്രെമെയ്ന്‍, വൊറല്‍, മെന്നി, സ്റ്റോയിനിസ് എന്നിവര്‍ ഓസീസിന്റെ വിക്കറ്റ് വേട്ടക്കാര്‍.
ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയെ നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. 8.5 ഓവറില്‍ 34 റണ്‍സ് വഴങ്ങിയാണ് ചഹല്‍ നാല് ഇരകളെ കണ്ടെത്തിയത്. ധവാല്‍ കുല്‍ക്കര്‍ണി, കരുണ്‍ നായര്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റെടുത്ത് ചഹലിനു പിന്തുണ നല്‍കി. നായകന്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (43) ഓസീസ് ടോപ് സ്‌കോറര്‍. കാമറോണ്‍ ബാന്‍ക്രോഫ്റ്റ് (34), അലെക്‌സ് റോസ് (34), നിക് മാഡിസണ്‍ (31) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
















