അയോധ്യ: അയോധ്യയിലെ ഹനുമാന്‍ഗഡി ക്ഷേത്രപ്പറമ്പിലെ പഴയ മസ്ജിദ് ക്ഷേത്രാധികാരികള്‍ പുതുക്കിപ്പണിയുന്നു. മുന്നൂറു വര്‍ഷം പഴക്കമുള്ള, തകര്‍ന്നു വീഴാറായ ആംലംഗിരി മസ്ജിദ് പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കാലത്ത് നവാബ് ഷൂജാവുള്ളയാണ് പണിതത്.
കാലങ്ങളായി നമാസ് മുടങ്ങിയിട്ട്. തകര്‍ന്നുവീഴുമെന്ന് ആശങ്കയുള്ളതിനാല്‍ ആരും കയറരുതെന്ന് അയോധ്യ മുനിസിപ്പാലിറ്റി ഇവിടെ ബോര്‍ഡും വച്ചിട്ടുണ്ട്.
മസ്ജിദിരിക്കുന്ന ഭൂമി ഹനുമാന്‍ഗഡി ക്ഷേത്രത്തിന്റേതാണ്. മസ്ജിദ് പുതുക്കി പണിയാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് ചില മുസ്ലീം ചെറുപ്പക്കാരാണ് ക്ഷേത്രാധികാരിയും മുഖ്യപുരോഹിതനുമായ മഹന്ത് ജ്ഞാന്‍ ദാസിനെ സമീപിച്ചത്.
മസ്ജിദ് തങ്ങളുടെ ചെലവില്‍ പുതുക്കിപ്പണിയാമെന്ന് ഉറപ്പു നല്‍കിയ മഹന്ത് അവിടെ സ്ഥിരം നമാസ് നടത്തണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. അതും ദൈവത്തിന്റെ ആലയമല്ലേ? മഹന്ത് ജ്ഞാന്‍ ദാസ് ചോദിക്കുന്നു. മസ്ജിദിനോടുചേര്‍ന്നുള്ള അത്രത്തോളം പഴക്കമുള്ള മുസോളിയം പുതുക്കിപ്പണിയാനും മഹന്ത് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലീം സമുദായം മഹന്തിനോടും ക്ഷേത്രഭാരവാഹിക ളോടും കടപ്പെട്ടിരിക്കുന്നു.
പ്രാദേശിക നേതാവ് സാദിഖ് അലി പറഞ്ഞു. പുരാതനമായ ഹനുമാന്‍ ഗഡി ക്ഷേത്രം അയോധ്യയിലെ സുപ്രധാന ആരാധനാലയമാണ്. അയോധ്യയിലെ രാമക്ഷേത്രത്തിനു സമീപമാണിത്. പ്രതിഷ്ഠ ഹനുമാന്‍ സ്വാമി.
















