മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള എയ്‌റോ ബ്രിഡ്ജുകള്‍ വിമാനത്താവള പ്രദേശത്ത് എത്തിച്ചു. നാല് രാത്രികള്‍ സഞ്ചരിച്ചാണ് മൂന്ന് ട്രക്കുകള്‍ ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ വിമാനത്താവള കവാടവുമായി കാരയിലെത്തിയത്. വൈകുന്നേരത്തോടെ ഇവ ആധുനിക സംവിധാനത്തിലുള്ള ക്രെയ്‌നുകള്‍ ഉപയോഗിച്ച് ഇറക്കിവെച്ചു. ചൈനയില്‍ നിന്നും കപ്പല്‍മാര്‍ഗ്ഗം രണ്ടാഴ്ചമുമ്പാണ് ഇത് കണ്ണൂര്‍ അഴീക്കലിലെത്തിയത്. ഇവ വിമാനത്താവളത്തിലെത്തിക്കാന്‍ ഏറെ പ്രയാസമുള്ളതിനാല്‍ പോലീസ്, ഫയര്‍ സര്‍വ്വീസ്, കെഎസ്ഇബി, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി മൂന്ന് കൂറ്റന്‍ ട്രക്കുകളിലായി അഴീക്കലില്‍ നിന്ന് പുറപ്പെട്ടത്. രണ്ട് രാത്രികള്‍കൊണ്ട് വിമാനത്താവളത്തിലെത്താമെന്ന് അധികൃതര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും സാധിച്ചില്ല. റോഡിലെ വൈദ്യുതിലൈന്‍ താഴ്ന്നതും മരത്തിന്റെ ശിഖരങ്ങള്‍ റോഡിലേക്ക് കിടക്കുന്നത് ട്രക്കിന് സുഗമമായി സഞ്ചരിക്കാന്‍ തടസ്സമാവുകയായിരുന്നു.
ട്രക്കുകള്‍ കടന്നുവന്ന വഴിയില്‍ കെഎസ്ഇബി ജീവനക്കാര്‍ മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുമാറ്റുകയും വൈദ്യുതി ലൈനുകള്‍ ഉയര്‍ത്തിപ്പിടിച്ചും ചിലത് മുറിച്ചുമാറ്റിയുമാണ് ട്രക്കുകള്‍ വിമാനത്താവളത്തിലെത്തിച്ചത്. വിമാനത്താവള കവാടത്തിലെത്തിയ എയ്‌റോബ്രിഡ്ജ് വഹിച്ചുള്ള ട്രക്കുകള്‍ കിയാല്‍ ആന്റ് ടി കമ്പനി അധികൃതര്‍ സ്വീകരിച്ച് ടെര്‍മിനില്‍ ബില്‍ഡിംഗിന് സമീപം ഇറക്കിവെച്ചു. കൊച്ചിയിലെ ബേലോര്‍ ലോജിസ്റ്റിക്‌സ് കമ്പനിയാണ് ചൈനയില്‍ നന്ന് കപ്പല്‍ മാര്‍ഗ്ഗവും ട്രക്കിലുമായി എയ്‌റോ ബ്രിഡ്ജുകള്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചത്.
















