ഫ്‌ളോറിഡ: ടെസ്റ്റ് ക്രിക്കറ്റ് ജനപ്രിയമാക്കാന്‍ ഒരു ദിവസം കുറച്ച് നാലു ദിവസമാക്കണമെന്നും രണ്ടു ഘട്ടമായി നടത്തണമെന്നുമുള്ള ഐസിസിയുടെ നിര്‍ദേശം ബിസിസിഐ തള്ളി. ദിവസം കുറച്ചതുകൊണ്ടോ മറ്റു രീതി സ്വീകരിച്ചതുകൊണ്ടൊ കാര്യമില്ലെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. ജനപ്രീതി കുറയുന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കണം.
സമയമാണോ വില്ലനെന്നും ചിന്തിക്കണം. മറ്റു കായികയിനങ്ങളില്‍ സമയം കുറവാണ്. ഫുട്‌ബോള്‍ ഒന്നര മണിക്കൂറില്‍ തീരുന്നു. ട്വന്റി20ക്കു പോലും മൂന്നര മണിക്കൂര്‍ വേണം. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് രാജ്യങ്ങളില്‍ ടെസ്റ്റിന് അത്യാവശ്യം കാണികളെ ലഭിക്കുന്നു. ഈ സീസണില്‍ ഇന്ത്യ 17 ടെസ്റ്റ് കളിക്കുന്നു. ഇതില്‍ നാലെണ്ണം വെസ്റ്റിന്‍ഡീസിനെതിരെ പൂര്‍ത്തിയായി.
ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെ 13 ടെസ്റ്റുകള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു. പരമാവധി മത്സരങ്ങളാണ് ഈ സീസണില്‍ ഇന്ത്യ കളിക്കുന്നതെന്നും അനുരാഗ് പറഞ്ഞു.പകല്‍-രാത്രി ടെസ്റ്റിന് ഇന്ത്യ തിരക്കു കൂട്ടില്ലെന്നും അനുരാഗ് പറഞ്ഞു. ദുലീപ് ട്രോഫി മത്സരങ്ങള്‍ക്കു ശേഷം വിശദമായി അവലോകനം നടത്തിയ ശേഷം ഇതേക്കുറിച്ച് ആലോചിക്കാമെന്നും അനുരാഗ് താക്കൂര്‍.
















