ന്യൂദല്‍ഹി: ഭീകരത തുടച്ചു നീക്കുന്നതിന് പാകിസ്ഥാന് ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടുന്നതിന്് നടപടിയെടുക്കണമെന്ന് അമേരിക്ക പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോണ്‍ കെറി ദല്‍ഹി ഐ.ഐ.ടിയിലെ വിദ്യാര്‍ഥികളുമായി സംവാദിക്കവെ പറഞ്ഞു.
പാക്കിസ്ഥാനിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ കാരണം അവിടുത്തെ ജനങ്ങള്‍ പൊറുതി മുട്ടുകയാണ്. 50000 പാക്കിസ്ഥാനികളാണ് തീവ്രവാദത്തിന്റെ ഫലമായി കൊല്ലപ്പെട്ടത്. ഭാരത–പാക്ക് ബന്ധം വഷളാവാത്ത രീതിയില്‍ പരിഹാരം കാണാന്‍ പാകിസ്താന് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതയും ലഷ്കറെ തയ്ബ, ഹഖാനി നെറ്റ്വര്ക്കുകള് തകര്‍ക്കേണ്ടത് പാക്കിസ്ഥാന്റെ ചുമതലയാണ്. അല്‍ക്വദ, ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ ഭീകരര്‍ക്കെതിരെ ഏതെങ്കിലും ഒരു രാജ്യത്തിന് മാത്രമായി പോരാടാനാവില്ല. ലോകരാജ്യങ്ങള്‍ ഒരുമിച്ച് നിന്നാലെ ഭീകരതയെ അമര്‍ച്ച ചെയ്യാനാവൂ. ഈ വിഷയത്തില്‍ കഠിന ശ്രമങ്ങളാണ് അമേരിക്ക നടത്തുന്നത്- കെറി പറഞ്ഞു.
ഭീകരത ഇല്ലാതാക്കുന്ന കാര്യത്തില്‍ പാകിസ്ഥാന് കുറച്ച്കൂടി ആത്മാര്‍ത്ഥത കാണിക്കണം. അമേരിക്കയും മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് ഭീകരത ഇല്ലാതാക്കാനാണ് പാകിസ്ഥാന് ശ്രമിക്കേണ്ടത്. ഭീകര പ്രവര്‍ത്തനങ്ങള്‍ ബാധിക്കുന്നത് ഇന്ത്യയെ മാത്രമല്ല, അഫ്ഗാനിസ്ഥാനേയും കൂടിയാണെന്നും കെറി ചൂണ്ടിക്കാട്ടി.
















