ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ യുഎസ് ഓപ്പണില്‍ മുന്‍നിര താരങ്ങള്‍ മുന്നോട്ട്.
പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച്, നാലാം സീഡ് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍, അഞ്ചാം സീഡ് കാനഡയുടെ മിലോസ് റാവോനിക്ക്, ഏഴാം സീഡ് ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ച്, ഒമ്പതാം സീഡ് ഫ്രഞ്ച് താരം ജോ വിഫ്രഡ് സോംഗ തുടങ്ങിയവര്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
വനിതാ സിംഗിള്‍സിലും പ്രമുഖര്‍ രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. രണ്ടാം സീഡ് ആഞ്ചലിക് കെര്‍ബര്‍, മൂന്നാം സീഡ് ഗാര്‍ബിനെ മുഗുരസ, ഏഴാം സീഡ് റോബര്‍ട്ട വിന്‍സി, എട്ടാം സീഡ് മാഡിസണ്‍ കെയ്‌സ്, ഒമ്പതാം സീഡ് സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവ തുടങ്ങിയവര്‍ അടുത്ത റൗണ്ടിലെത്തി. അതേസമയം റിയോ ഒളിമ്പിക്‌സ് സ്വര്‍ണ്ണമെഡല്‍ ജേത്രി പ്യൂര്‍ട്ടോറിക്കയുടെ മോണിക്ക പ്യുഗ് ആദ്യ റൗണ്ടില്‍ പുറത്ത്.
ദ്യോക്കോവിച്ച് പോളണ്ട് താരം ജെര്‍സി യാന്‍കോവിച്ചിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 6-3, 5-7, 6-2, 6-1. റാഫേല്‍ നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-1, 6-4, 6-2) ഉസ്ബക്കിസ്ഥാന്‍ താരം ഡെനിസ് ഇസ്‌റ്റോമിനെ തോല്‍പ്പിച്ചത്. റാവോനിക്ക് 7-5, 6-3, 6-4 എന്ന ക്രമത്തില്‍ ജര്‍മ്മനിയുടെ ഡസ്റ്റിന്‍ ബ്രൗണിനെയും മാരിന്‍ സിലിച്ച് 6-4, 7-5, 6-1 എന്ന സ്‌കോറിന് ബ്രസീലിയന്‍ താരം റൊജേറിയോ സില്‍വയെയും പരാജയപ്പെടുത്തി. വില്‍ഫ്രഡ് സോംഗ 6-3, 6-4, 6-4 അര്‍ജന്റീനന്‍ താരം ഗ്വിഡോ ആന്‍ഡ്രിയോസിയെയും തോല്‍പ്പിച്ചാണ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്.
ഗെയ്ല്‍ മോണ്‍ഫില്‍സ്, മാര്‍ക്കോസ് ബാഗ്ദാത്തിസ്, ആന്ദ്രെ സെപ്പി, കെവിന്‍ ആന്‍ഡേഴ്‌സണ്‍, ജാക്ക് സോക്ക്, റിച്ചാര്‍ഡ് ഗാസ്‌ക്കറ്റ്, ഇസ്‌നര്‍ തുടങ്ങിയവരും പുരുഷ വിഭാഗത്തില്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
വനിതാ സിംഗിള്‍സില്‍ ആഞ്ചലിക് കെര്‍ബര്‍ സ്ലോവേനിയയുടെ പൊലോന ഹെര്‍കോഗിനെ പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടിലെത്തിയത്. ആദ്യ സെറ്റ് 6-0നും രണ്ടാം സെറ്റില്‍ 1-0നും കെര്‍ബര്‍ മുന്നിട്ടുനില്‍ക്കേ എതിരാളി പിന്മാറുകയായിരുന്നു. സ്പാനിഷ് താരം ഗാര്‍ബിനെ മുഗുരുസ ബെല്‍ജിയം താരം എലിസെ മെര്‍ട്ടന്‍സിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കി. സ്‌കോര്‍: 6-2, 0-6, 6-3. മാഡിസണ്‍ കെയ്‌സ് നാട്ടുകാരിയായ അലിസണ്‍ റിസ്‌കെയെ 4-6, 7-6 (7-5), 6-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.
















