മക്കേ: ഓസ്‌ട്രേലിയയില്‍ നടക്കുന്ന എ ടീമുകളുടെ ചതുര്‍രാഷ്‌ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ എയ്‌ക്ക് ഒരു റണ്ണിന്റെ പരാജയം. ഓസ്‌ട്രേലിയ എ ടീമാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ എ ടീം ഫൈനലിലെത്തി.
ആദ്യം ബാറ്റ്‌ചെയ്ത ഓസ്‌ട്രേലിയന്‍ എ ടീം 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സ് അടിച്ചുകൂട്ടി. സെഞ്ചുറി നേടിയ കുര്‍ടിസ് പാറ്റേഴ്‌സന്റെയും (123 പന്തില്‍ 115) നിക്ക് മാഡിന്‍സണിന്റെയും (117 പന്തില്‍ 118) മികച്ച ബാറ്റിങാണ് ഓസീസ് ടീമിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം വിക്കറ്റില്‍ പാറ്റേഴ്‌സണും മാഡിന്‍സണും ചേര്‍ന്ന് നേടിയ 230 റണ്‍സാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
ഓസീസിന്റെ കൂറ്റന്‍ സ്‌കോറിനെ പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ടീമിന് വേണ്ടി മനീഷ് പാണ്ഡെയും (91 പന്തില്‍ 110), മലയാളി താരം സഞ്ജു വി. സാംസണും (74 പന്തില്‍ 87), മന്‍ദീപ് സിങും (60 പന്തില്‍ 56) മികച്ച പ്രകടനം നടത്തിയെങ്കിലും ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന രണ്ട് പന്തുകളില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടതാണ് തിരിച്ചടിയായത്. അഞ്ചാം പന്തില്‍ സാംസണെ സ്‌റ്റോയിന്‍സിന്റെ കൈകളിലെത്തിച്ചപ്പോള്‍ അവസാന പന്തില്‍ ഷര്‍ദുല്‍ താക്കൂര്‍ റണ്ണൗട്ടായി.
















