ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഗോഗേശ്വര്‍ ദത്ത് നേടിയ വെങ്കല മെഡല്‍ വെള്ളിയായേക്കും. പുരുഷന്‍മാരുടെ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലായിരുന്നു യോഗേശ്വറിന്റെ വെങ്കല നേട്ടം. ഈ ഇനത്തില്‍ തന്നെ വെള്ളി നേടിയ റഷ്യയുടെ ബെസിക് കുദുകോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതോടെയാണ് യോഗേശ്വറിന് വെള്ളി മെഡലിന് സാധ്യത തെളിഞ്ഞത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടത് ലോക റെസ്‌ലിംഗ് അസോസിയേഷനും അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുമാണ്.
യോഗേശ്വറിന്റെ മെഡല്‍ വെള്ളി ആയി മാറുകയാണെങ്കില്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്കായി ഗുസ്തിയില്‍ വെള്ളി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാവും യോഗേശ്വര്‍ ദത്ത്. 2012 ഒളിമ്പിക്‌സില്‍ തന്നെ സുശീല്‍കുമാര്‍ വെള്ളി നേടിയിരുന്നു.
ലോകഉത്തേജക വിരുദ്ധ സമിതി നടത്തിയ പരിശോധനയിലാണ് കുദുകോവ് ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പിടിയിലായത്. കുദുകോവിനെ കൂടാതെ ഉസ്‌ബെക്കിസ്ഥാന്റെ ആര്‍തര്‍ ടെയ്‌മാസോവ് (120 കിലോ) അടക്കം നാലു താരങ്ങളും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു.
ലണ്ടന്‍ ഒളിമ്പിക്‌സില്‍ അസര്‍ബൈജാന്റെ ടൊഹ്‌റുല്‍ അസ്ഗറോവിനോടാണ് കുദുകോവ് പരാജയപ്പെട്ടത്. പ്രീക്വാര്‍ട്ടറില്‍ യോഗേശ്വര്‍ കുദുകോവിനോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍, കുദുകോവ് ഫൈനലില്‍ എത്തിയതോടെ റെപ്പഷാജെ നിയമം യോഗേശ്വറിന് തുണയായി. ഈ റൗണ്ടില്‍ പ്യൂട്ടോറിക്കയുടെ ഫ്രാങ്കലിന്‍ ഗോമസിനെ പരാജയപ്പെടുത്തിയാണ് യോഗേശ്വര്‍ വെങ്കലം നേടിയത്.
ഇത്തവണത്തെ ഒളിമ്പിക്‌സില്‍ 65 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച യോഗേശ്വര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.
നാലുതവണ ലോകചാമ്പ്യനും രണ്ട് വട്ടം ഒളിമ്പിക് മെഡല്‍ ജേതാവുമായ കുദുകോവ്, തെക്കന്‍ റഷ്യയില്‍ 2013ല്‍ ഉണ്ടായ കാറപകടത്തില്‍ മരണപ്പെട്ടിരുന്നു.
















