ഗുവാഹത്തി: ഐഎസ്എല്‍ മൂന്നാം പതിപ്പില്‍ ഐവറി കോസ്റ്റ് താരം ദിദിയര്‍ സകോറ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മാര്‍ക്വീ താരം. ഐവറി കോസ്റ്റിന് വേണ്ടി 123 തവണ രാജ്യാന്തര ജേഴ്‌സിയണിഞ്ഞ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ സകോറ ടോട്ടനത്തിനും സെവിയയക്കും വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ പൂനെ സിറ്റിക്കുവേണ്ടിയായിരുന്നു സകോറ കളിച്ചത്. 13 മത്സരങ്ങളില്‍ കളിച്ച 35കാരനായ സകോറ ടീമിന്റെ നായകനുമായിരുന്നു.
ഇതോടെ എട്ട് ടീമുകളുടെയും മാര്‍ക്വീ താരങ്ങളായി. ഹെല്‍ഡര്‍ പോസ്റ്റിഗ (അത്‌ലറ്റികോ ഡി കൊല്‍ക്കത്ത), ജോണ്‍ ആര്‍നെ റീസെ (ചെന്നൈയിന്‍ എഫ്‌സി), ഇദര്‍ ഗുഡ്‌ജോണ്‍സണ്‍ (പൂനെസിറ്റി എഫ്‌സി), ലൂസിയോ (എഫ്‌സി ഗോവ), ഫ്‌ളോറന്റ് മലൂദ (ദല്‍ഹി ഡൈനാമോസ്), ആരോണ്‍ ഹ്യൂസ് (കേരള ബ്ലാസ്‌റ്റേഴ്‌സ്), ഡീഗോ ഫോര്‍ലാന്‍ (മുംബൈ സിറ്റി) എന്നിവരാണ് മറ്റ് ടീമുകളുടെ മാര്‍ക്വീ താരങ്ങള്‍.
സകോറയെ കൂടാതെ ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ എമിലിയാനോ അല്‍ഫാരോയുമായും നോര്‍ത്ത് ഈസ്റ്റ് കരാറൊപ്പിട്ടു. ഉറുഗ്വെയ്ന്‍ ക്ലബ് ലിവര്‍പൂളിനും ഇറ്റാലിയന്‍ ക്ലബ് സെവിയയക്കും വേണ്ടി കളിച്ച താരമാണ് 28കാരനായ എമിലിയാനോ. ഉറുഗ്വെക്ക് വേണ്ടി ഒരിക്കല്‍ ദേശീയ ജേഴ്‌സിയുമണിഞ്ഞു.
















