ന്യൂദല്‍ഹി: രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ കായികതാരങ്ങള്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ബഹുമതികള്‍ ഏറ്റുവാങ്ങി. റിയോ ഒളിമ്പിക്‌സിലെ മെഡല്‍ ജേതാക്കളായ പി.വി. സിന്ധു, സാക്ഷി മാലിക്, മികച്ച പ്രകടനം നടത്തിയ ദിപ കര്‍മാകര്‍, ഷൂട്ടിങ് താരം ജിത്തു റായ് എന്നിവര്‍ക്ക് ഖേല്‍രത്‌ന ലഭിച്ചു. ചരിത്രത്തിലാദ്യമായാണ് നാല് പേര്‍ക്ക് കായിക രംഗത്തെ പരമോന്നത ബഹുമതിയായ ഖേല്‍രത്‌ന ലഭിക്കുന്നത്.
ആറ് പരിശീലകര്‍ ദ്രോണാചാര്യ അവാര്‍ഡും 15 കായിക താരങ്ങള്‍ അര്‍ജ്ജുന അവാര്‍ഡും മൂന്ന് പേര്‍ ധ്യാന്‍ചന്ദ് അവാര്‍ഡും ഏറ്റുവാങ്ങി. ദ്രോണാചാര്യ അവാര്‍ഡ് ലഭിച്ച നീന്തല്‍ പരിശീലകന്‍ എസ്. പ്രദീപ്കുമാര്‍ മലയാളിയാണ്. ഖേല്‍രത്‌നക്ക് എഴര ലക്ഷം രൂപയും മറ്റ് ബഹുമതികള്‍ക്ക് അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക.
ദ്രോണാചാര്യ അവാര്‍ഡ്: എസ്. പ്രദീപ്കുമാര്‍ (നീന്തല്‍), നാഗ്പൂരി രമേശ് (അത്‌ലറ്റിക്‌സ്), സാഗര്‍ മാല്‍ ധയാല്‍ (ബോക്‌സിങ്്), രാജ്കുമാര്‍ ശര്‍മ (ക്രിക്കറ്റ്), ബിശ്വേശ്വര്‍ നന്തി (ജിംനാസ്റ്റിക്‌സ്), മഹാബീര്‍ സിംഗ് (റസ്ലിംഗ്).
അര്‍ജ്ജുന അവാര്‍ഡ്: രജത് ചൗഹാന്‍ (അമ്പെയ്‌ത്ത്), ലളിത ബബാര്‍ (സ്റ്റേപ്പിള്‍ ചേസ്), സൗരവ് കോത്താരി (ബില്യാര്‍ഡ്‌സ്), ശിവ് ഥാപ്പ (ബോക്‌സിംഗ്), അജിന്‍ക്യ രഹാനെ (ക്രിക്കറ്റ്), റാണി റാംപാല്‍ (വനിതാ ഹോക്കി), സുബ്രതോ പാല്‍ (ഫുട്‌ബോള്‍), വി.ആര്‍. രഘുനാഥ് (ഹോക്കി), ഗുര്‍പ്രീത് സിംഗ് (ഷൂട്ടിംഗ്), അപൂര്‍വ്വി ചന്ദേല (ഷൂട്ടിംഗ്), സൗമ്യജിത് ഘോഷ് (ടെന്നീസ്), വിനേഷ് പോഖാട്ട് (റസ്ലിംഗ്), അമിത് കുമാര്‍ (റസ്‌ലിംഗ്), സന്ദീപ്‌സിംഗ് മാന്‍, വീരേന്ദ്രസിംഗ് (പാരാലിമ്പിക്‌സ് വിഭാഗം).
ധ്യാന്‍ചന്ദ് അവാര്‍ഡ്: സാത്തി ദീത (അത്‌ലറ്റിക്‌സ്), സില്‍വാനസ് ഡങ് ഡങ് (ഹോക്കി), രാജേന്ദ്ര പ്രഹ്ലാദ് ഷെല്‍ക്കെ (റോവിംഗ്). യുവപ്രതിഭകളെ കണ്ടെത്തുന്നതിനും വളര്‍ത്തിക്കൊണ്ടുവരുന്നതിനുമുള്ള രാഷ്‌ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാരം ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സും ഏറ്റുവാങ്ങി.
















