മുംബൈ: പുനെ-മുംബൈ എക്സ്പ്രസ് ഹൈവെയില്‍ ഡ്രോണുകള്‍ ഗതാഗത നിരീക്ഷണം ആരംഭിച്ചു. മഹാരാഷ്‌ട്ര ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ലോനവാല മുതല്‍ ഖലാപുര്‍ ടോള്‍ പ്ലാസ വരെയുള്ള എക്സ്പ്രസ് ഹൈവെ മേഖലകളിലാണ് ഡ്രോണുകളുടെ നീരിക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നിരകള്‍ തെറ്റിച്ച് നീങ്ങിയ 15 ട്രക്കുകളുടെ ആകാശ ദൃശ്യങ്ങളാണ് ഡ്രോണുകളിലൂടെ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് ഖലാപുര്‍ ടോള്‍ പ്ലാസയിലും ഉര്‍സ ടോള്‍ പ്ലാസയിലും നടത്തിയ പരിശോധനയില്‍ ട്രക്കുകളെ തിരിച്ചറിഞ്ഞ് പിഴ ചുമത്തുകയായിരുന്നെന്ന് പൂനെ മേഖല ഹൈവെ പൊലിസ് സുപ്രന്റിന്റ് അന്‍മോല്‍ താംബെ വ്യക്തമാക്കി.
മുംബൈ-പൂനെ എക്സ്പ്രസ് വെയില്‍ ഡ്രോണുകളെ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി ദീപക് കേസര്‍ഖര്‍ അടുത്തിടെ സൂചിപ്പിച്ചിരുന്നു. തുടരെയുള്ള അപകടങ്ങള്‍ കാരണം മുംബൈ-പൂനെ എക്സ്പ്രസ് ഹൈവെയില്‍ ഇതിനോടകെ തന്നെ നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
















