ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ കശ്മീർ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ പിന്നീടൊരിക്കലും വിഷയത്തിൽ പ്രശ്നപരിഹാരം സാധ്യമാകുകയില്ലെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്തി.
‘നരേന്ദ്രമോദിയുടെ കീഴില്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പിന്നീടതു സംഭവിക്കാന്‍ സാധ്യതയില്ല. കാരണം ഇത്ര ശക്തനായ, തീരുമാനം എടുക്കാന്‍ കഴിവുള്ള പ്രധാനമന്ത്രിയെ നമുക്ക് വല്ലപ്പോഴും മാത്രമേ ലഭിക്കൂ’- മെഹ്‌ബൂബ പറഞ്ഞു.
ഇതിനു പുറമെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി സ്വീകരിച്ച പാതയാണ് താഴ്‌വരയിലെ പ്രശ്‌നം പരിഹരിക്കാന്‍ ഏറ്റവും അനുയോജ്യമായതെന്ന് അവർ പറഞ്ഞു. വാജ്‌പേയി സ്വീകരിച്ച മനുഷ്യത്വവും ജനാധിപത്യവും കശ്മീർ ജനതയ്‌ക്ക് എന്ന നയമാണ് ഏറ്റവും അനുയോജ്യമായതെന്നും മെഹ്‌ബൂബ സൂചിപ്പിച്ചു.
വാജ്‌പേയി പാക്കിസ്ഥാനില്‍ ചെന്നപ്പോള്‍ ജനറല്‍ മുഷാറഫ് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് കാര്‍ഗില്‍ യുദ്ധം ആരംഭിച്ചത്. ഒടുവില്‍ ഭാരതത്തിൽ എത്തിയ മുഷാറഫിനെ കാണാന്‍ വാജ്‌പേയ് തീരുമാനിച്ചത് അദ്ദേഹത്തിന്റെ മഹാമനസ്‌കതയാണ്: മെഹബൂബ പറഞ്ഞു.
കശ്മീരിനെ രക്തച്ചൊരിച്ചിലില്‍നിന്ന് മുക്തമാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കണം. അതിന് വാജ്‌പേയിയുടെ സിദ്ധാന്തമാണ് നല്ലത്. അത് പാക്കിസ്ഥാൻ പിന്തുടരണമെന്നും മെഹ്‌ബൂബ ആവശ്യപ്പെട്ടു.
















