തലശ്ശേരി: നിരവധി ചരിത്രസംഭവങ്ങള്‍ക്കും പൈതൃക അറിവുകള്‍ക്കും വേദിയായ തലശ്ശേരിയില്‍ പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി പറഞ്ഞു. പൈതൃകപരമായുള്ള നിരവധി രേഖകള്‍ പലയിടങ്ങളിലായി മറഞ്ഞും ചിതറിയും കിടക്കുന്നുണ്ട്. ഇവയൊക്കെ കണ്ടെത്തി വരുംതലമുറക്കായി ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണെന്നും ഇതിനായി നഗസഭയുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഈ മ്യൂസിയത്തിന് വാസ്തുശാസ്ത്ര വിദഗ്ദനും സാഹിത്യകാരനുമായ എന്‍.കോയിത്തട്ടയുടെ നാമധേയം നല്‍കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിദ്വാന്‍ എന്‍.കോയിത്തട്ടയുടെ ജന്മശതാബ്ദി ആഘോഷപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എന്‍.ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷന്‍ സി.കെ.രമേശന്‍, ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം, ഡോ.എന്‍.ശശിധരന്‍ കുനിയില്‍, പി.വിജയന്‍, ടി.എന്‍.ദിലീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എം.പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
















