ലണ്ടന്‍: സ്തനാര്‍ബുദ ചികിത്സയില്‍ വമ്പിച്ച നേട്ടത്തിന് വഴി കണ്ടുപിടിച്ച് ഭാരത വംശജന്‍ ലോകശ്രദ്ധേയനാകുന്നു. പതിനാറുകാരനായ കൃതിന്‍ നിത്യാനന്ദം അല്‍ഷിമേഴ്‌സ് സാധ്യത പത്തുവര്‍ഷം മുന്‍കൂട്ടിക്കാണാമെന്ന് തെളിയിച്ചതിനു ഗൂഗിളിന്റെ ലോക യുവ ശാസ്ത്ര പുരസ്‌കാരം നേടിയിരുന്നു. തമിഴ്‌നാട്ടില്‍ ജന്മബന്ധമുള്ള കൃതിന്‍ എന്ന പ്രതിഭ ശാസ്ത്രലോക വിസ്മയമാകുകയാണ്.
ബാല്യത്തിലേ കേള്‍വിക്കുറവ് ബാധിച്ച കൃതിന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ മുമ്പ് ബ്രിട്ടണിലെ സുറേ എപ്‌സമില്‍ സ്ഥിരതാമസമാക്കിയവരാണ്. സ്ത്രീ ലൈംഗിക വളര്‍ച്ചയും ഗര്‍ഭധാരണവും നിയന്ത്രിക്കുന്ന ഈസ്ട്രജന്‍, പ്രൊജസ്റ്റെറോണ്‍ എന്നീ ഹോര്‍മോണുകളിലുണ്ടാവുന്ന രാസ പ്രക്രിയകളാണ് സ്തനാര്‍ബുദ കാരണം. തമോക്‌സിഫെന്‍ മരുന്ന് ഒരുപരിധിവരെ പ്രതിരോധിക്കും. തീവ്ര ഘട്ടമായാല്‍ കീമോ തെറാപ്പി, റേഡിയേഷനാണ് മാര്‍ഗ്ഗം. എന്നാല്‍, കൃതിന്‍ കണ്ടെത്തിയ വഴി നൂതനമാണ്.
ഐഡി ഫോര്‍ എന്ന പ്രോട്ടീനാണ് കോശങ്ങളിലെ അര്‍ബുദബാധ വ്യാപിക്കാതെ തടയുന്നത്. ഈ പ്രോട്ടീനുകള്‍ ഉല്‍പാദിപ്പിക്കുന്ന ജീനുകളെ തിരിച്ചറിഞ്ഞ്, അവ സക്രിയമാക്കാനുള്ള വഴിയും കൃതിന്‍ കണ്ടുപിടിച്ചു. ഈ ജീനുകള്‍ പ്രവര്‍ത്തിക്കുന്നതോടെ കാന്‍സര്‍ രോഗം അപകടം കുറഞ്ഞ ഘട്ടത്തിലേക്ക് മാറും, കൃതിന്‍ നിത്യാനന്ദം വിശദീകരിച്ചു.
അര്‍ബുദ ബാധിതര്‍ക്ക് അധികവും തമോക്‌സിഫിനാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. കീമോതെറാപ്പിക്കു ശേഷം പിടിഇഎന്‍ എന്ന ജീനിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതോടെയാണ് പ്രതിരോധ ശേഷി കിട്ടുന്നത്. പിടിഇഎന്‍-ഐഡി ഫോര്‍ എന്നിവയുടെ സാധ്യതയാണ് കൃതിന്റെ കണ്ടെത്തല്‍.
ആളുകളില്‍ അല്‍ഷിമേഴ്‌സ് രോഗലക്ഷണങ്ങള്‍ പത്തു വര്‍ഷം മുമ്പേ കണ്ടെത്താമെന്ന് കൃതിന്‍ പതിനഞ്ചാം വയസില്‍ കണ്ടെത്തിയിരുന്നു. ന്യൂറോ ടോക്‌സിക് പ്രോട്ടീനുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ഒരു ട്രോജന്‍ ഹോഴ്‌സ് ആന്റിബോഡി ഇതിനായി കൃതിന്‍ കണ്ടുപിടിച്ചിരുന്നു. ന്യൂറോ ടോക്‌സിക് പ്രോട്ടീനിന്റെ വളര്‍ച്ച തടയാന്‍ ഇതിലൂടെ സാധിക്കും. രക്തത്തില്‍ കുത്തിവയ്‌ക്കുന്ന ആന്റിബോഡിയില്‍ തിളങ്ങുന്ന കണങ്ങള്‍ ഘടിപ്പിച്ചതിനാലാണ് മസ്തിഷ്‌ക്ക സ്‌കാനിങ്ങിലൂടെ രോഗം കണ്ടെത്താന്‍ സാധിക്കുന്നത്.
ശാസ്ത്ര ഗവേഷണങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല കൃതിന്റെ പ്രതിഭ. സുറെ സ്‌ക്വാഷ് കളിക്കാരന്‍ കൂടിയാണ്. പതിനൊന്നാം വയസ്സില്‍ ഗണിത സൂത്രവാക്യങ്ങള്‍ കണ്ടുപിടിച്ച ശ്രീനിവാസ രാമാനുജത്തിന്റെ കണ്ടെത്തലുകളെ അനുസ്മരിപ്പിക്കുന്നതാണ് കൃതിന്റെ ഗവേഷണങ്ങള്‍.
















