ന്യൂദല്‍ഹി: കശ്മീരിലെ യുവാക്കളെ തെരുവിലിറക്കുന്നവര്‍ ഒരിക്കല്‍ മറുപടി നല്‍കേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നറിയിപ്പ്. കശ്മീര്‍ വിഷയം അന്താരാഷ്ട്ര വേദികളിലുയര്ത്താന് പാക്കിസ്ഥാന് എംപിമാരെ നിയോഗിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
കശ്മീരിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കുന്നത് വിഘടനവാദികള്‍ക്കും കശ്മീരിലെ ജനങ്ങള്‍ക്കുമുള്ള സന്ദേശമാണ്. ഏകതയിലും മമതയിലും അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ക്കാണ് കശ്മീരില്‍ പ്രസക്തിയെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കീബാത്തില്‍ പങ്കെടുത്തുകൊണ്ട് മോദി പറഞ്ഞു.
കശ്മീര്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട സൈനികരും സാധാരണ ജനങ്ങളും ഭാരതത്തിന്റെ നഷ്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കണമെന്നും മോദി പറഞ്ഞു.
ഭാരതത്തിലെ കായികതാരങ്ങളുടെ പ്രകടനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ദൗത്യസംഘത്തെ വിനിയോഗിച്ച മാതൃകയില്‍ സംസ്ഥാന സര്‍ക്കാരുകളും വിദഗ്ധ സമിതികളെ നിയമിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. 265 ശതമാനം യുവജനങ്ങളുള്ള രാജ്യം കായിക മേഖലയിലും മുന്നേറേണ്ടതുണ്ട്.
ഒളിമ്പിക്സ് വിജയികളെ പ്രധാനമന്ത്രി അനുമോദിച്ചു.
ഭവിയിലെ കായിക വിജയങ്ങള്‍ക്ക് ആസൂത്രണം നടത്താന്‍ ഞാന്‍ ഒരു കമ്മറ്റിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരതസര്‍ക്കാര്‍ വിഷയത്തിന്റെ ആഴങ്ങളിലേക്കു പോകും. ലോകത്തില്‍ എന്തെല്ലാം തരത്തിലുള്ള പരിശീലനങ്ങളാണു നടക്കുന്നതെന്ന് പഠനം നടത്തും. നമുക്ക് ഇനിയും എങ്ങനെ നന്നാകാനാകും എന്നതിനെക്കുറിച്ച് രൂപരേഖ തയ്യാറാക്കും.
2020, 2024, 2028 – എന്നിങ്ങനെ ദൂരവ്യാപകമായ ചിന്താഗതിയോടെയാണ് പദ്ധതി തയ്യാറാക്കേണ്ടത്. സംസ്ഥാന സര്‍ക്കാരുകളും ഇതുപോലെയുള്ള കമ്മറ്റികള്‍ ഉണ്ടാക്കണം. സംസ്ഥാനങ്ങള്‍ ശക്തി കാട്ടാനാകുന്ന തങ്ങളുടേതായ ഒന്നോ രണ്ടോ ഇനങ്ങള്‍ തെരഞ്ഞെടുക്കണം.
അദ്ധ്യാപക ദിനത്തിന് മുന്‍കൂര്‍ ആശംസയറിയിച്ച മോദി ജീവിതത്തില്‍ അമ്മയ്ക്ക് എത്രത്തോളം സ്ഥാനമുണ്ടോ അത്രതന്നെ സ്ഥാനം അധ്യാപകനുമുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു. സ്വന്തം കാര്യത്തേക്കാളധികം സ്വന്തക്കാരുടെ കാര്യത്തില്‍ വേവലാതിപ്പെടുന്ന അധ്യാപകരെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ തങ്ങളുടെ ശിഷ്യര്‍ക്കു വേണ്ടി, തങ്ങളുടെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി, ജീവിതം അര്‍പ്പിക്കുന്നു. ഇപ്പോള്‍, റിയോ ഒളിമ്പിക്സിനുശേഷം നാലുപാടും പുല്ലേലാ ഗോപീചന്ദിനെക്കുറിച്ചുള്ള ചര്‍ച്ചയാണു കേള്‍ക്കുന്നത്. അദ്ദേഹം സ്പോര്‍ട്സ്മാനാണ് – അതോടൊപ്പം നല്ല അധ്യാപകന് എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാഹരണം മുന്നോട്ടു വയ്ക്കുന്നു.
ഇന്ന് ഞാന്‍ ഗോപീചന്ദിനെ ഒരു കളിക്കാരന് എന്നതിനേക്കാള്‍ നല്ല അധ്യാപകനെന്ന നിലയിലാണു കാണുന്നത്. അധ്യാപകദിനത്തില്‍, പുല്ലേല ഗോപീചന്ദിനെ, അദ്ദേഹത്തിന്റെ തപസ്യയെ, സ്പോര്‍ട്സിനോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ, തന്റെ വിദ്യാര്‍ഥികളുടെ വിജയത്തില്‍ സന്തോഷിക്കുന്ന അദ്ദേഹത്തിന്റെ രീതിയെ ഞാന്‍ സല്യൂട് ചെയ്യുന്നു.
ഗണേശോത്സവം ആഘോഷിക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കാനും ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ടുണ്ടാക്കിയ ഗണേശ വിഗ്രഹങ്ങള്‍ ഉപയോഗിക്കരുത്. പകരം, ഗ്രാമത്തിലെ കുളത്തിലെ മണ്ണുകൊണ്ടുണ്ടാക്കിയ ഗണേശ്ജിയെ ഉപയോഗിച്ചൂകൂടേ. പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ടുണ്ടാക്കിയ പ്രതിമകള്‍ പരിസ്ഥിതിക്ക് യോജിച്ചതല്ല.
നമുക്ക് ഗണേശന്റെയും ദുര്‍ഗ്ഗാദേവിയുടെയും മണ്ണുകൊണ്ടുള്ള പ്രതിമകള്‍ ഉണ്ടാക്കി നമ്മുടെ പഴയ പാരമ്പര്യത്തിലേക്കു മടങ്ങിക്കൂടേ എന്നാണ്. പരിസ്ഥിതി സംരക്ഷിക്കല്‍, നമ്മുടെ നദികളും തടാകങ്ങളും സംരക്ഷിക്കല്‍, അതിലുണ്ടാകുന്ന മലിനീകരണത്തില്‍ നിന്നും ആ ജലത്തിലെ ചെറു ജീവജാലങ്ങളെ സംരക്ഷിക്കല്‍ തുടങ്ങിയവയും ഈശ്വരസേവതന്നെയാണ്, പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഭാരതം വൈവിധ്യങ്ങളാല്‍ നിറഞ്ഞ വളരെ വലിയ രാജ്യമാണ്. വിവിധതയില്‍ നിറഞ്ഞ രാജ്യത്തിന്റെ ഏകത ഓരോ പൗരന്റെയും സമൂഹത്തിന്റെയും സര്‍ക്കാരുകളുടേയും കടമയാണ്, പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
















