ബംഗളൂരൂ: ബഹിരാകാശത്ത് വച്ച് ഒരു വാഹനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മനുഷ്യര്‍ക്ക് ഇറങ്ങിക്കയറാനുളള സാങ്കേതികത വികസിപ്പിക്കാനുളള ശ്രമത്തിലാണ് ഭാരത ബഹിരാകാശ ഗവേഷണ കേന്ദ്രം. നിലവിലുളള വാഹനങ്ങളില്‍ ബഹിരാകാശത്ത് വച്ച് തന്നെ ഇന്ധനം നിറയ്‌ക്കാനുളള സാങ്കേതികത വികസിപ്പിക്കാനും ആലോചനയുണ്ട്. ഇത് വഴി ബഹിരാകാശ വാഹനങ്ങളുടെ ആയുസ് വര്‍ദ്ധിപ്പിക്കുകയാണ് ഇസ്രോയുടെ ലക്ഷ്യം.
ഒരു ബഹിരാകാശ വാഹനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് സാധനങ്ങള്‍ മാറ്റുന്നത് പോലെ തന്നെ മനുഷ്യരെയും മാറ്റാനാണ് ഇസ്രോ ശ്രമിക്കുന്നത്. ഇതിനായി രണ്ട് ചെറു ബഹിരാകാശ വാഹനങ്ങള്‍ വിക്ഷേപിക്കുമെന്നും ഇസ്‌റോയുടെ ബംഗളൂരൂ ബഹിരാകാശ ആപ്ലിക്കേഷന്‍ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞയും ജിസാറ്റ് പ്രോജക്ട് ഡയറക്ടറുമായ ഡോ.ടി.കെ. അനുരാധ പറഞ്ഞു.
ഈ ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഇസ്രോയ്‌ക്ക് മുന്നില്‍ ധാരാളം വെല്ലുവിളികളുണ്ട്. രണ്ട് വാഹനങ്ങളെയും ഒരേ ഭ്രമണപഥത്തില്‍ കൊണ്ടുവരിക എന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ഇവയില്‍ പലതും റോബോട്ടിക് പ്രവര്‍ത്തനങ്ങളും ആയിരിക്കും.
















