ന്യൂദല്‍ഹി: ജെഎന്‍യുവില്‍ സഹപാഠിയെ പീഡിപ്പിച്ച ഇടത് വിദ്യാര്‍ത്ഥി നേതാവിനെ സര്‍വ്വകലാശാല സസ്പെന്റ് ചെയ്തു. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) മുന്‍ സംസ്ഥാന പ്രസിഡണ്ട് അന്‍മോള്‍ രത്ത (29)നാണ് സസ്‌പെന്‍ഷന്‍. കേസില്‍ അറസ്റ്റിലായ രത്തന്‍ തീഹാര്‍ ജയിലില്‍ റിമാന്റിലാണ്.
രത്തനെതിരെ നടപടിയാവശ്യപ്പെട്ട് എബിവിപി ശക്തമായ പ്രക്ഷോഭം നടത്തിവരുന്നതിനിടെയാണ് നടപടി. കേസില്‍ തീരുമാനമാകുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നത് വരെ ക്യാമ്പസില്‍ പ്രവേശിക്കുന്നത് വിലക്കിയ അധികൃതര്‍ ഹോസ്റ്റലിലോ കാമ്പസിലോ രത്തന് അഭയം നല്‍കുന്നവര്‍ക്കെതിരെയും അച്ചടക്ക നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കി.
സിനിമയുടെ സിഡി നല്‍കാമെന്ന് പറഞ്ഞ് ഹോസ്റ്റല്‍ മുറിയിലെത്തിച്ച് രത്തന്‍ പീഡിപ്പിച്ചതായാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി 13 തവണ തന്നെ വിളിച്ചതായും പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുന്‍പാകെ മൊഴി നല്‍കിയിരുന്നു. രത്തനെതിരെ സര്‍വ്വകലാശാല നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തിപ്പെടുന്നതാണ് നടപടിയെടുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
















