ലുധിയാന: പെരുമഴയത്ത് കൈയിലൊരു പ്ലക്കാര്‍ഡുമായി അവര്‍ നിന്നു. പഠിക്കുന്ന വിദ്യാലയത്തിന്റെ ശോച്യാവസ്ഥ പ്രധാനമന്ത്രിയുടെ ദൃഷ്ടിയില്‍ എത്തിക്കുകയാണ് ലക്ഷ്യം. മഴ നനയാതെ പഠിക്കാന്‍ ഒരിടം വേണം.
വലിയൊരു പ്ലാസ്റ്റിക് ഷീറ്റ് മേല്‍ക്കൂര പോലെ കൈ കൊണ്ട് താങ്ങിയാണ് കനത്ത മഴയത്ത് ലുധിയാനയിലെ ഇച്ചാ നമ്പര്‍ 16ലെ സര്‍ക്കാര്‍ സ്‌ക്കൂളില്‍ കുട്ടികള്‍പഠിക്കുന്നത്.
അതും പ്രാഥമിക വിദ്യാലയത്തില്‍. മേല്‍ക്കൂരയില്ല, ബെഞ്ചില്ല, ശുചിമുറിയും. മഴ പെയ്താല്‍ അധ്യാപകരും ക്ലാസെടുക്കുന്നത് കുട്ടികള്‍ക്കൊപ്പം നനഞ്ഞു കൊണ്ട്.
സ്‌കൂളിന് സുരക്ഷിതത്വം പോരെന്ന പേരില്‍ പിഡബ്‌ളിയുഡി നേരത്തേ തന്നെ സ്‌കൂള്‍ കെട്ടിടം പൊളിച്ചു കളഞ്ഞതാണ്. സ്‌കൂളിരിക്കുന്ന സ്ഥലമാണെങ്കില്‍ വിവാദ ഭൂമിയും. അതില്‍പ്പിന്നെയാണ് ചുറ്റുമതിലിനോട് ചേര്‍ന്ന് പ്ലാസ്്റ്റിക് ഷീറ്റ് കെട്ടി പഠനം തുടങ്ങിയത്.
കുട്ടികളുടെ ദുരിതം കണ്ട് സമീപവാസികളും പ്രതിഷേധത്തിന് പ്ലക്കാര്‍ഡുമായി ഇറങ്ങിയിരിക്കുകയാണ്. ഇത് മോദിയുടെ ശ്രദ്ധയിലെത്തണം. അങ്ങനെയെങ്കില്‍ മേല്‍ക്കൂരയുള്ളൊരു സ്‌കൂളിന് അധികം കാത്തിരിക്കേണ്ട… അതാണവരുടെ വിശ്വാസം.
















