ഹൈദരാബാദ്: ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ക്ക് പ്രഖ്യാപിച്ച ബിഎംഡബ്ല്യു കാറുകള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സമ്മാനിച്ചു.
ഹൈദരാബാദിലെ ഗോപിചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ വെള്ളി മെഡല്‍ ജേത്രി പി.വി. സിന്ധു, വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്ക്, ജിംനാസ്റ്റിക്‌സില്‍ നാലാം സ്ഥാനത്തെത്തിയ ദിപ കര്‍മാകര്‍, സിന്ധുവിന്റെ പരിശീലകന്‍ ഗോപിചന്ദ് എന്നിവര്‍ കാര്‍ ഏറ്റുവാങ്ങിയത്. പ്രഖ്യാപിച്ചത് സച്ചിനെങ്കിലും ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് ചാമുണ്ഡേശ്വരനാഥാണ് സ്‌പോണ്‍സര്‍ ചെയ്തത്.
രാജ്യത്തിന് ബഹുമതികള്‍ നേടിത്തന്ന താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് സച്ചിന്‍. ”നമ്മള്‍ അവരെ പിന്തുണച്ചു, അവര്‍ക്കായി പ്രാര്‍ത്ഥിച്ചു, അനുഗ്രഹിച്ചു. മുന്നോട്ടുള്ള യാത്രയില്‍ ഓരോ താരവും ആഗ്രഹിക്കുന്നത് ഇതാണ്. ഇന്ത്യന്‍ കായികരംഗത്തെ മനോഹര മൂഹൂര്‍ത്തമാണിത്. യാത്ര ഇവിടെ തുടങ്ങുന്നു, ഇതിനേക്കാള്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുമെന്ന് പ്രത്യാശിക്കുന്നു”- സച്ചിന്‍ പറഞ്ഞു.
ഒളിമ്പിക്‌സ് മെഡല്‍ നേടിയാല്‍ കാര്‍ നല്‍കുമെന്ന് സച്ചിന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വാഗ്ദാനം പാലിച്ചുവെന്നും സിന്ധു മറുപടി പ്രസംഗത്തില്‍ പറഞ്ഞു. റിയൊയില്‍ വെങ്കലമാണെങ്കിലും അടുത്ത തവണ ടോക്യോയില്‍ സ്വര്‍ണം തന്നെ ലക്ഷ്യം വയ്‌ക്കുമെന്ന് സാക്ഷി പറഞ്ഞപ്പോള്‍ സദസില്‍ നിന്ന് ആരവമയുര്‍ന്നു.
സാക്ഷിയുടെ ആവശ്യപ്രകാരം താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും സച്ചിന്‍ തയാറായി.
















