ദുര്യോധനാദികളുടെ പിതാവ്. കുരുവംശരാജാവായ വിചിത്രവീര്യന്റെ പത്‌നിയായ അംബികയിൽ വേദവ്യാസ മഹർഷിക്കു ജനിച്ച പുത്രൻ. വൈരൂപ്യം നിറഞ്ഞ വ്യാസനെ അറപ്പോടെ അംബിക കണ്ണടച്ചുകൊണ്ട് വരിച്ചതിനാൽ ആണ് ധൃതരാഷ്‌ട്രർക്ക് ജന്മനാതന്നെ അന്ധത ബാധിച്ചത്. അദ്ദേഹത്തിന് പകരം പാണ്ഡു എന്ന ഇളയ സഹോദരനാണ് രാജ്യം ഭരിച്ചത്.
ഗാന്ധാര രാജാവ് സുബേലന്റെ പുത്രി ഗാന്ധാരിയാണ് ധൃതരാഷട്രരുടെ പത്‌നി. നൂറു പുത്രന്മാരും ദുശ്ശള എന്ന മകളും പിറന്നു.
ഇദ്ദേഹത്തിന് വൈശ്യസ്ത്രീയിൽ പിറന്ന മകനാണ് യുയുത്സു. പാണ്ഡവരും കൗരവരും ഒന്നിച്ചു നീങ്ങണമെന്ന് ധൃതരാഷ്‌ട്രർക്കു മോഹം ഉണ്ടായെങ്കിലും ദുര്യോധനന് വേണ്ടി ആ അച്ഛന് പലപ്പോഴും വഴങ്ങേണ്ടിവന്നു.
അന്ധനായ ഇദ്ദേഹത്തിന് സഞ്ജയൻ പറയുന്ന വിധത്തിലാണ് കുരുക്ഷേത്ര യുദ്ധം മഹാഭാരതത്തിൽ പറയുന്നത്. യുദ്ധാനന്തരം ഗാന്ധാരി, കുന്തി എന്നിവരോടൊത്ത് വനവാസത്തിനിടെ കാട്ടുതീയിൽ വെന്തുമരിച്ചു.
















