ആലപ്പുഴ: പൊതു സ്ഥലങ്ങളില്‍ പുകവലിച്ചതിന് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 349 കേസുകള്‍ എടുക്കുകയും 69,800 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഓഗസ്റ്റ് മാസം ജില്ലയില്‍ 718 റെയ്ഡുകള്‍ നടത്തി, 212 അബ്കാരി കേസ്സുകളും ഒമ്പതു എന്‍ഡിപിഎസ് കേസുകളും രജിസ്റ്റര്‍ ചെയ്തു.
225 പേരെ അറസ്റ്റ് ചെയ്ത് കോടതികളില്‍ ഹാജരാക്കി. 163 ലിറ്റര്‍ വിദേശമദ്യവും 655 ലിറ്റര്‍ കോടയും 1.942 കിലോ കഞ്ചാവും 160 ലിറ്റര്‍ അരിഷ്ടവും 57.9 ലിറ്റര്‍ ബിയറും പിടിച്ചെടുത്തു.
വ്യാജ മദ്യം കടത്തുന്നതിന് ഉപയോഗിച്ച ആറു വാഹനങ്ങള്‍ പിടിച്ചെടുത്തു. ഓണത്തിന്റെ ഭാഗമായി ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനം തുടങ്ങി. രണ്ട് സ്ട്രൈക്കിങ് ഫോഴ്സുകള്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അന്യസംസ്ഥാന തൊഴിലാളികള്‍ കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലങ്ങളിലും സംഘടിച്ച് താമസിക്കുന്ന പ്രദേശങ്ങളിലും ഇവര്‍ എത്തിച്ചേരുന്ന ട്രെയിനുകളിലും ആര്‍പിഎഫുമായി ചേര്‍ന്ന് ജില്ലയിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന ശക്തിപ്പെടുത്തി.
അബ്കാരി കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 1800 425 26 96, 155358 (ബിഎസ്എന്‍എല്‍ ഫോണില്‍ നിന്നും) എന്ന ടോള്‍ ഫ്രീ നമ്പറിലും 9447178056, 9496002864, 0477 2252049 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: