ന്യൂദല്‍ഹി: ‘ഖാരെ ബൈരെ’യിലൂടെ ടാഗോറിന്റെ സ്ത്രീപക്ഷ നായകന്‍ നിഖിലേഷിനെ അനശ്വരനാക്കിയ നടന്‍ വിക്ടര്‍ ബാനര്‍ജി(69)ടാഗോറിന്റെ ആത്മാംശ കഥാപാത്രമായി വീണ്ടും സിനിമയിലേക്ക്. ടാഗോറിന്റെയും അര്‍ജന്റൈന്‍ എഴുത്തുകാരി വിക്‌ടോറിയ ഒകാംപോയുടെയും അഗാധവും ഉദാത്തവുമായ ബന്ധമാണ് പുതിയ ഇന്ത്യന്‍അര്‍ജന്റീനിയന്‍ സിനിമക്ക് നിദാനം. ബോളിവുഡ് നടി റീമാസെന്നും അഭിനയിക്കുന്നുണ്ട്.
സംവിധായകന്‍ പാബ്‌ളോ സീസര്‍. നായിക നടി എലിയോനാര വെക്‌സ്‌ലര്‍. ഇരുവരും അര്‍ജന്റീനിയക്കാര്‍.അമിതാബ് ബച്ചന്‍, നസറുദ്ദീന്‍ ഷാ, ബെന്‍കിങ്‌സ്‌ലി തുടങ്ങിയ പ്രമുഖ നടന്മാരെ പിന്തള്ളിയാണ് വിക്ടര്‍, സിനിമയില്‍ ടാഗോറാകുന്നത്. ഭാരതീയനായ സൂരജ്കുമാറാണ് സിനിമയുടെ ക്രിയേറ്റിവ് ഡയറക്ടര്‍. യൂറോപ്പില്‍ നിന്ന് 1942ല്‍ പെറുവിലേക്കുള്ള കപ്പല്‍ യാത്രക്കിടെ രോഗബാധിതനായ ടാഗോര്‍ ബ്യൂണസ് അയേഴ്‌സില്‍ എത്തുന്നതും ഒകാംപോയുടെ വീട്ടില്‍ അവരുടെ പരിചരണത്തില്‍ കഴിയുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സ്‌ക്രീനിലെത്തുന്നത്. ബിജോയ എന്നാണ് ഒകാംപോയെ ടാഗോര്‍ വിളിച്ചിരുന്നത്. ടാഗോറിന്റെ ‘പൂരബി’യെന്ന കവിതാ സമാഹാരം ഒകാംപോയ്‌ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്.
വിക്ടര്‍ ബാനര്‍ജി നായകനായ ഖാരെ ബൈരെ സത്യജിത്‌റായ് സിനിമയായിരുന്നു.പുതിയ സിനിമയ്‌ക്കായി പ്രത്യേക തയ്യാറെടുപ്പൊന്നും നടത്തുന്നില്ലെന്നും ടാഗോറിന്റെ ധിഷണയെ വിലയിരുത്തുന്ന സിനിമയാണെന്നും വിക്ടര്‍ പറഞ്ഞു.
















