പാട്ന: ബീഹാറിലേക്ക് മദ്യവുമായി പോകരുതെന്ന് പട്ടാളക്കാർക്കും ഉദ്യോഗസ്ഥർക്കും വിരമിച്ച ജവാന്മാർക്കും സൈന്യം നിർദ്ദേശം നൽകി. മിലിറ്ററി ക്യാന്‍റീൻ സർവ്വീസിന്‍റേതാണ് നിർദേശം. മദ്യനിരോധനം നടപ്പിലാക്കിയ ബീഹാറിൽ മദ്യം കൈവശം വച്ചതിന് നിരവധി ജവാന്മാർക്കെതിരെ നടപടി സ്വീകരിച്ചതിനാലാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം പട്ടാളക്കാർക്ക് നൽകിയത്.
കര നാവിക വ്യോമ സേനകളുടെ എല്ലാ ആസ്ഥാനങ്ങളിലേക്കും നിർദേശം നൽകിയതായി മിലിറ്ററി ക്യാന്‍റീൻ സർവ്വീസ് അറിയിച്ചു. നേരത്തെ 22 മദ്യകുപ്പി കൈവശം വച്ചതിന് ക്യപ്റ്റൻ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനെ ന്യൂദൽഹി രാജധാനി എക്സ്പ്രസിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഹാജിപൂർ ജംഗക്ഷനിൽ വച്ച് മദ്യം കൈവശം വെച്ചതിന് മറ്റൊരു സൈനിക ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രിൽ അഞ്ചുമുതലാണ് നിതിഷ്കുമാർ സർക്കാർ ബീഹാറിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയത്. നിതീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സമ്പൂർണ മദ്യനിരോധനം. മദ്യം വിൽക്കുന്നതും കൈവശം വയ്‌ക്കുന്നതും കുറ്റകരമാക്കിയിരുന്നു.
















