ന്യൂദല്‍ഹി: ഷീന ബോറ കൊലപാതക കേസുമായി ബന്ധപ്പെട്ട് ടേപ്പ് ചെയ്ത എല്ലാ സംഭാഷണങ്ങളും സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു.
ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി, പീറ്ററിന്റെ മകന്‍ രാഹുല്‍ മുഖര്‍ജി എന്നിവരുടെ ശബ്ദ സംഭാഷണങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ കേസ് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ മുംബൈ പ്രത്യേക കോടതിയോട് സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.
അതേസമയം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച ശബ്ദ സംഭാഷണങ്ങള്‍ കേസില്‍ നിര്‍ണ്ണായകമാകുമെന്ന് ഷീനയുടെ സഹോദരന്‍ മിഖൈല്‍ ബോറ പ്രത്യാശിച്ചു. സിബിഐ അന്വേഷണത്തെ സംഭാഷണങ്ങള്‍ സഹായിക്കുമെന്നും നീതി ലഭിക്കുമെന്ന കരുതുന്നതായും മിഖൈല്‍ പറഞ്ഞു.
മുന്‍ സ്റ്റാര്‍ ഇന്ത്യ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജിയും അവരുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവറും ചേര്‍ന്ന് ഷീനയെ 2012 ഏപ്രില്‍ 24ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
വാടകയ്‌ക്കെടുത്ത കാറിനുള്ളില്‍ മൂവരും ചേര്‍ന്ന് ഷീനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് മൃതദേഹം കത്തിച്ച ശേഷം അത് മുംബൈയില്‍ നിന്നും 84 കിലോമീറ്റര്‍ മാറി റായ്ഗഡ് എന്ന വനപ്രദേശത്ത് ഉപേക്ഷിക്കുകയുമായിരുന്നു.
















