ബെംഗളൂരു: ജെയ്ഷയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പരിശീലകന്‍ നിക്കോളായ് സ്‌നെസരേവ്. ജെയ്ഷയുടെ താത്പര്യപ്രകാരമാണ് ഓട്ടത്തിനിടെ പ്രത്യേക സജ്ജീകരണങ്ങള്‍ വേണ്ടെന്ന് പറഞ്ഞതെന്ന് നിക്കോളായ്. മത്സരത്തിനിടെ താരം വെള്ളം മാത്രമേ കുടിക്കാറുള്ളൂയെന്നും ഒളിമ്പിക് തയാറെടുപ്പുകള്‍ക്കിടെയും ഇതായിരുന്നു ശീലമെന്നും അദ്ദേഹം വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. സായ് ബെംഗളൂരു കേന്ദ്രത്തിലെ പരിശീലകനാണ് ബെലാറസ് സ്വദേശിയായ നിക്കോളായ്.
മത്സരത്തിന് ഒരു ദിവസം മുന്‍പ് ഡെപ്യൂട്ടി പരിശീലകന്‍ രാധാകൃഷ്ണന്‍ നായര്‍ കുടിക്കാനുള്ള വെള്ളത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. ജെയ്ഷയോട് ചോദിച്ചപ്പോള്‍ സാധാരണ വെള്ളം മതിയെന്നാണു പറഞ്ഞത്. ഇക്കാര്യം രാധാകൃഷ്ണനെ അറിയിച്ചു.- നിക്കോളായ് പറഞ്ഞു. മുന്‍പും ഇതേ രീതിയാണ് താരം സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം. ബീജിങ് ലോക ചാമ്പ്യന്‍ഷിപ്പിലും സംഘാടകര്‍ നല്‍കിയ സാധാരണ വെള്ളമാണ് ജെയ്ഷ ഉപയോഗിച്ചിരുന്നതെന്നും നിക്കോളായ്.
റിയൊയില്‍ ഓട്ടത്തിനിടെ ഫെഡറേഷന്‍ വെള്ളം നല്‍കിയില്ലെന്ന് ആരോപിച്ച ജെയ്ഷ, കഴിഞ്ഞ ദിവസം നിലപാട് മാറ്റിയിരുന്നു. ഫെഡറേഷനെ ന്യായീകരിച്ച് അവര്‍ പരിശീലകനെതിരെ തിരിഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം സമിതിയെയും നിയോഗിച്ചിരുന്നു.
















