നാഗ്പൂര്‍/ മുംബൈ: മഹാരാഷ്‌ട്രയില്‍ താരപരിവേഷമുള്ള ആണ്‍ കടുവ ജെയിനെ കാണാതായത് സിബിഐ അന്വേഷിക്കണമെന്ന് മഹാരാഷ്‌ട്ര വനം മന്ത്രി സുധീര്‍ മുങ്കാന്തിവാര്‍. ഇതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതുമെന്നും അദ്ദേഹം അറിയിച്ചു. ഏപ്രില്‍ 18 മുതലാണ് ഉമ്രദ് കര്‍ഹാന്‍ഡ്‌ല വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്നും ജെയിനെ (7) കാണാതാവുന്നത്.
250 കിലോഗ്രാമാണ് കടുവയുടെ ഭാരം. നാഗ്പൂരില്‍ നിന്നും 60 കിലോമീറ്റര്‍ വരെ കടുവ സംഞ്ചരിച്ചതിന്റെ വിവരങ്ങള്‍ റേഡിയോ കോളറില്‍ നിന്ന് ലഭിച്ചു. അത് പ്രവര്‍ത്തനരഹിതമായതിനാല്‍ പിന്നെ വിവരമൊന്നും ലഭിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം സിബിഐക്കു കൈമാറാന്‍ ആവശ്യപ്പെടുന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥരോട് അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുങ്കാതിവാര്‍ പറഞ്ഞു. വന്യജീവികളെ കുറിച്ച് തീരുമാനമെടുക്കേണ്ടത് ദേശീയ വന്യജീവി സംരക്ഷണ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. എന്നാല്‍ ജെയ് ചത്തിട്ടുണ്ടോ എന്നതു സംബന്ധിച്ചും സംശയം ഉയരുന്നുണ്ട്. വനംവകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെ ഉമ്രദ് കര്‍ഹാന്‍ഡ്‌ല വന്യജീവി സംരക്ഷണ കേന്ദത്തില്‍ നിന്നും കാണാതായ ശ്രീനിവാസ് എന്ന കടുവ തിരിച്ചെത്തി. 42 ദിവസത്തിനുശേഷം ജൂണ്‍ ഏഴിനാണ് ഇതിനെ വീണ്ടും കണ്ടെത്തിയത്. ഇത്രയും ദിവസത്തിനുള്ളില്‍ 300 കിലോമീറ്ററോളം (ഒരു ദിവസം ഏഴു കിലോമീറ്റര്‍ വീതം) ഇത് സഞ്ചരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അതിനുശേഷമാണ് വന്യജീവി സംരക്ഷ കേന്ദ്രത്തില്‍ തിരിച്ചെത്തിയത്.
















