ബലൂചി പോരാളി
പട്ടിയെന്നു വിളിച്ചാലും പാക്കിസ്ഥാനിയെന്നു വിളിക്കരുതെന്നാണ് കഴിഞ്ഞ ദിവസം ഭാരതത്തില്‍ എത്തിയ ബലൂച് നേതാവ് മസ്ദാക്ക് ദില്‍ഷാദ് പറഞ്ഞത്. പാക്കിസ്ഥാന്റെ കിരാതപീഡനങ്ങള്‍ക്ക് ഇരയായി ബലൂച് വിട്ടയാളാണ് മസ്ദാക്ക്.
ബലൂചിസ്ഥാനില്‍ വംശീയ ഉന്മൂലനമാണ് പാക്കിസ്ഥാന്‍ നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു.
വിദ്യാഭ്യാസം നല്‍കാന്‍ പാക് സര്‍ക്കാര്‍ തയ്യാറല്ല. പഠിപ്പില്ലാത്തതിനാല്‍ ജോലിയുമില്ല. അടിക്കടി മദ്രസകള്‍ സ്ഥാപിച്ച് നിഷ്‌കളങ്കരായ യുവാക്കളെ മസ്തിഷ്‌കപ്രക്ഷാളനം ചെയ്യുന്നു. പ്രധാനപ്പെട്ട തസ്തികകളില്‍ പാക്കിസ്ഥാനി മുസ്ലിങ്ങളെ നിയമിച്ച് ബലൂചികളെ പുറത്താക്കുന്നു. പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ചൈനീസ് കമ്പനികള്‍ക്ക് ഒത്താശ ചെയ്യുകയാണ് സര്‍ക്കാര്‍, മസ്ദാക്ക് പറഞ്ഞു.
ഭീകരതയെ വളര്‍ത്തുന്ന പാക്കിസ്ഥാന് ഇടക്കിടയ്‌ക്ക് അവരുടെ കടിയേല്‍ക്കുന്നുമുണ്ട്. പെഷവാറില്‍ സൈനികരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ അനവധി പിഞ്ചുകുട്ടികളാണ് മരിച്ചുവീണത്. ചെറുതും വലുതുമായ പല ഭീകരാക്രമണങ്ങള്‍ നടന്നിട്ടും അവര്‍ ഭീകരതയെ കൈയൊഴിയുന്നില്ല. പാല്‍ കൊടുത്ത കൈയ്‌ക്ക് കടിച്ച പാമ്പുകള്‍ പതുക്കെ പാക്കിസ്ഥാനെ തിരിച്ചുകടിക്കുമെന്നുറപ്പ്.
ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന പാക്കിസ്ഥാന് ഭാവിയില്‍ ഭീകരരുടെ തിരിച്ചടി കടുത്ത വെല്ലുവിളിയാകും.
















