വിഭജനത്തിന്റെ ആഘാതം ഏല്‍പ്പിച്ച മായാത്ത മുറിവാണ് പാക് അധിനിവേശ കശ്മീര്‍. പാക് അധീനതയിലുള്ള സ്വയംഭരണ പ്രദേശം. ജമ്മുകശ്മീരിനും ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാനും പാക് പഞ്ചാബ് പ്രവിശ്യയ്‌ക്കും ഇടയിലുള്ള പ്രദേശം. ഭാരത വിഭജനത്തിന് ശേഷം കശ്മീരിനു വേണ്ടിയുണ്ടായ ഭാരത-പാക് യുദ്ധത്തിന്റെ ബാക്കിപത്രം.
നാനൂറ് കിലോമീറ്ററോളം നീളം. 50 കിലോമീറ്റര്‍ വീതി. ജമ്മുകശ്മീരിന്റെ അവിഭാജ്യഘടകമായ ഇവിടെ സ്വതന്ത്ര സര്‍ക്കാരാണ്. നിയമസഭയുണ്ട്. നിയമസഭാംഗങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രധാനമന്ത്രിയും പ്രസിഡന്റും ഭരിക്കുന്നു. പ്രത്യേക ഹൈക്കോടതിയുമുണ്ട്. മുസഫറാബാദാണ് തലസ്ഥാനം.
47 നിയമസഭാ സീറ്റുണ്ട്. 1974 മുതല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് അംഗീകാരം നല്‍കേണ്ട അവസ്ഥ പാക്കിസ്ഥാനുണ്ട്്. സ്ഥാനാര്‍ത്ഥികള്‍ പിഒകെയെ പാക്കിസ്ഥാന്റെ ഭാഗമായി അംഗീകരിച്ച് സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥ പാക്കിസ്ഥാന്‍ നിര്‍ദ്ദേശിച്ചു. ഇതില്‍ പിഒകെയിലെ
ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് വലിയ പ്രതിഷേധമുണ്ട്. പാക്കിസ്ഥാനെതിരെ രൂക്ഷമായ ജനവികാരം ഉയരുന്ന പ്രദേശമാണ് പിഒകെ. 2005ലെ അതിശക്തമായ ഭൂകമ്പത്തില്‍ ഒരു ലക്ഷത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. 30 ലക്ഷം പേര്‍ക്ക് വീടുകള്‍ നഷ്ടമായി. എന്നാല്‍ പുനരധിവാസം അടക്കമുള്ള കാര്യങ്ങളില്‍ പാക് ഭാഗത്തുനിന്നും ഒരു സഹായവും ഉണ്ടാകാതിരുന്നതും ജനരോഷം ശക്തമാകാന്‍ കാരണമായി.
പാക്കിസ്ഥാന്റെ അധീനതയില്‍ ഏറ്റവുമധികം പേര്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ പ്രദേശം കൂടിയാണ് പിഒകെ. മിര്‍പൂര്‍, മുസഫറാബാദ് പൂഞ്ച് എന്നീ മൂന്ന് ഡിവിഷനുകളിലായി 10 ജില്ലകളാണ്. ഇവിടുത്തെ ജനസംഖ്യ 45 ലക്ഷത്തോളമാണ്.
സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍
ഭാരതത്തെ വെട്ടിമുറിച്ച് സ്വന്തം രാജ്യമുണ്ടാക്കിയ ജിന്നയും പാക് സൈന്യവും നിരവധി അധിനിവേശങ്ങളാണ് നടത്തിയത്. ബലൂചിസ്ഥാന്‍, ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍, പാക്അധീന കാശ്മീര്‍, വസീറിസ്ഥാന്‍, സിന്ധുദേശ് എന്നിവിടങ്ങളിലെല്ലാം സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങള്‍ ശക്തമാണ്.
ബലൂച് റിപ്പബ്ലിക്കന്‍ ആര്‍മി, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്നിവയാണ് പ്രധാന സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍. ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ യൂണൈറ്റഡ് മൂവ്‌മെന്റ്, ബല്‍വാരിസ്ഥാന്‍ നാഷണല്‍ ഫ്രണ്ട്, ജെയ് സിന്ധ് മുതഹിദ മഹസ്, സിന്ധുദേശ് ലിബറേഷന്‍ ആര്‍മി, ജയ് സിന്ധ് ലിബറേഷന്‍ ഫ്രണ്ട്, ജയ് സിന്ധ് ഖ്വാമി മഹസ് എന്നീ പാര്‍ട്ടികളും പാക്കിസ്ഥാന്റെ അധിനിവേശത്തിനെതിരെ പതിറ്റാണ്ടുകളായി തെരുവിലാണ്.
















