ന്യൂദല്‍ഹി: റിയോ ഒളിമ്പിക്‌സില്‍ രണ്ട് മെഡല്‍ നേടിയതില്‍ രാജ്യവ്യാപകമായി ആഘോഷം സംഘടിപ്പിച്ച ഭാരതത്തെ പരിഹസിച്ച ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനു ചുട്ടമറുപടിയുമായി മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. പീയേഴ്‌സ് മോര്‍ഗന്‍ എന്ന പത്രപ്രവര്‍ത്തകനാണ് ഭാരതത്തിന്റെ മെഡല്‍ നേട്ടത്തെ പരിഹസിച്ചത്.
ഭാരതീയര്‍ ചെറിയ സന്തോഷങ്ങളെയും താലോലിക്കുന്നതായും ക്രിക്കറ്റ് കണ്ടുപിടിച്ചിട്ടും ലോകകപ്പ് കിരീടം നേടാന്‍ കഴിയാത്ത ഇംഗ്ലീഷ് ടീം വീണ്ടും അതിനായി കളിക്കുന്നില്ലേ എന്നും വീരു പിയേഴ്‌സനോടു ചോദിച്ചു. ട്വിറ്ററിലായിരുന്നു സേവാഗിന്റെ പരിഹാസം.
ഉടന്‍തന്നെ പിയേഴ്‌സന്റെ മറുപടിയെത്തി. 2010ല്‍ ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് കിരീടം നേടിയിരുന്നെന്നും കെവിന്‍ പീറ്റേഴ്‌സണ്‍ കളിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ട് ലോകകിരീടം സ്വന്തമാക്കുമായിരുന്നെന്നും പിയേഴ്‌സണ്‍ ട്വിറ്ററില്‍ കുറിച്ചു.
നിമിഷനേരത്തിനുള്ളില്‍ നല്‍കിയ മറുപടിയിലൂടെ സേവാഗ് പിയേഴ്‌സനെ ബൗണ്ടറി കടത്തി. കെവിന്‍ പീറ്റേഴ്‌സണ്‍ മികച്ച താരമാണെന്നതില്‍ സംശയമില്ല. പക്ഷേ അദ്ദേഹം ദക്ഷിണാഫ്രിക്കയിലല്ലേ ജനിച്ചത്. ഭാരതം ജേതാക്കളായ 2007ലെ ട്വന്‍റി-20 ലോകകപ്പില്‍ അദ്ദേഹം കളിച്ചിരുന്നില്ലേ. ഇനിയും ഭാരതീയര്‍ ആഘോഷിക്കുന്നതില്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം എന്നായിരുന്നു സേവാഗിന്റെ മറുപടി. എന്തായാലും സേവാഗിന്റെ മറുപടി ട്വിറ്ററില്‍ ഉടന്‍തന്നെ വൈറലായി. 16,000ല്‍ അധികം പേര്‍ ഇത് റീട്വീറ്റ് ചെയ്യുകയും 21,000ല്‍ അധികം പേര്‍ ഇത് ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
ഗുസ്തിയില്‍ സാക്ഷി മാലിക്കും ബാഡ്മിന്റണില്‍ പി.വി.സിന്ധുവുമാണ് റിയോയില്‍ ഭാരതത്തിനായി മെഡല്‍ നേടിയത്. മെഡല്‍ നേട്ടത്തില്‍ ചൈനയെ മറികടന്ന ബ്രിട്ടന്‍ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
















