പനജി: കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഗോവയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കും. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായാണ് നിതിൻ ഗഡ്കരിക്ക് ഗോവയുടെ ചുമതല നൽകിയത്. നേരത്തെ ദൽഹിയുടെ ചുമതലയാണ് ഗഡ്കരി വഹിച്ചിരുന്നത്.
2017ൽ വരാനിരിക്കുന്ന ഗോവൻ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഏറെ പ്രാധാപ്പെട്ടതാണെന്ന് പനജിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള സമ്മേളനത്തിൽ അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഗോവയ്‌ക്ക് പുറമെ പഞ്ചാബ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, മണിപ്പൂർ, എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് വരികയാണ്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ വലിയ ഒരു മാറ്റം തന്നെ വരണം, പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ബിജെപി സർക്കാർ അധികാരത്തിൽ വരണമെന്ന് അമിത് ഷാ പറഞ്ഞു.
ഗോവയിലെ 40 സീറ്റുകളിൽ 27 എണ്ണത്തിൽ കൂടുതൽ ബിജെപിക്ക് വിജയിക്കാൻ സാധിക്കുമെന്ന് ഷാ പ്രത്യാശ പ്രകടിപ്പിച്ചു. അതേ സമയം സംസ്ഥാനത്തെ മുഴുവൻ സീറ്റുകളും കൈയ്യടക്കാനായെങ്കിൽ 2019ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപിക്കാൻ ഒരു ശക്തിക്കും സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
















